ജഡ്ജിയും ഗുമസ്തരും പരിചാരകരും വരെ; ഗുജറാത്തില്‍ 5 വർഷമായി പ്രവര്‍ത്തിച്ചു വന്ന വ്യാജ കോടതിക്ക് പൂട്ട്

വ്യാജ കോടതിയില്‍ നിന്ന് പുറപ്പെടുവിച്ച ഉത്തരവ് മറ്റൊരു കോടതിയുടെ രജിസ്ട്രാറുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തട്ടിപ്പ് പുറംലോകമറിയുന്നത്

dot image

അഹമ്മദാബാദ്: അഞ്ച് വര്‍ഷമായി പ്രവര്‍ത്തിച്ചുവന്ന വ്യാജ കോടതിക്ക് പൂട്ട് വീണു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. യഥാര്‍ത്ഥ കോടതിയുടേതെന്ന് തോന്നിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നിരുന്നത്. ജഡ്ജിയും ഗുമസ്തന്മാരും പരിചാരകരുമെല്ലാം ഈ വ്യാജ കോടതിയില്‍ ഉണ്ടായിരുന്നു എന്നതാണ് രസകരം. ഭൂമി തര്‍ക്ക കേസുകളായിരുന്നു ഇവിടെ പരിഗണിച്ചിരുന്നത്. സംഭവത്തില്‍ മോറിസ് സാമുവല്‍ ക്രിസ്റ്റിയന്‍ എന്നയാളെ കരഞ്ജ് പൊലീസ് അറസ്റ്റ് ചെയ്തു.

മോറിസ് സാമുവലായിരുന്നു വ്യാജ ട്രിബ്യൂണലിലെ ന്യായാധിപന്‍. ഇയാളുടെ ഗാന്ധിനഗറിലെ ഓഫീസാണ് കോടതിയാക്കി മാറ്റിയത്. സാധാരണ കോടതിയില്‍ കണ്ട് വരുന്ന ഗുമസ്തര്‍, പരിചാരകര്‍ എന്നിവര്‍ക്ക് സമാനമായി ഉദ്യോഗസ്ഥരെ വ്യാജ കോടതിയില്‍ അണിനിരത്തിയിരുന്നു. നഗരത്തിലെ സിവില്‍ കോടതികളില്‍ തീര്‍പ്പാകാതെ കിടന്നിരുന്ന ഭൂമിതര്‍ക്ക കേസുകളിലെ കക്ഷികളെ ബന്ധപ്പെട്ടായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരം കേസുകള്‍ തീര്‍പ്പാക്കാന്‍ കോടതി നിയോഗിച്ച ഔദ്യോഗിക മധ്യസ്ഥനാണെന്ന വ്യാജേനയാണ് സംഘം കക്ഷികളെ ബന്ധപ്പെടുക. ഇവരുടെ കേസ് ട്രിബ്യൂണലില്‍ പരിഗണിക്കാമെന്ന് വാഗ്ദാനം നല്‍കും. ശേഷം കക്ഷികള്‍ക്ക് അനുകൂലമായ വിധത്തില്‍ കേസുകള്‍ പരിഹരിച്ചതായി വ്യാജ ഉത്തരവ് ഇറക്കും. ഇവരില്‍ നിന്ന് വന്‍ തുക ഈടാക്കുകയും ചെയ്യും. അഞ്ച് വര്‍ഷമായി സംഘം ഈ തട്ടിപ്പ് തുടര്‍ന്നു വന്നു.

വ്യാജ കോടതിയില്‍ നിന്ന് 2019ല്‍ പുറപ്പെടുവിച്ച ഒരു ഉത്തരവ് അഹമ്മദാബാദ് സിറ്റി സിവില്‍ കോടതി രജിസ്ട്രാറുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തട്ടിപ്പ് പുറംലോകമറിയുന്നത്. സര്‍ക്കാര്‍ ഭൂമിയില്‍ ഉടമസ്ഥത ഉന്നയിച്ച് 2019 ല്‍ ഒരാള്‍ കോടതിയെ സമീപിച്ചിരുന്നു. ഇയാളെ വ്യാജ കോടതിയിലെ തട്ടിപ്പുകാര്‍ തങ്ങളുടെ പതിവ് രീതിയില്‍ സമീപിക്കുകയും അയാള്‍ക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഈ വിധി വ്യാജമാണെന്ന് അഹമ്മദാബാദ് സിറ്റി സിവില്‍ കോടതിയിലെ രജിസ്ട്രാറുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരമറിയിച്ചു.

ആള്‍മാറാട്ടം, കബളിപ്പിക്കല്‍, വ്യാജരേഖയുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തി. മുഖ്യപ്രതിയായ മോറിസ് സാമുവല്‍ വ്യാജ വിധി പുറപ്പെടുവിച്ച പത്ത് കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Content Highlights- A man has been arrested for allegedly setting up a tribunal in ahmedabad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us