കോൺഗ്രസ്- ശിവസേന യോഗം ഇന്ന് മുംബൈയിൽ; കോൺ​ഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചേക്കും

ഹരിയാനയിലെ അപ്രതീക്ഷിത പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ടാണ് മഹാരാഷ്ട്രയിൽ കോൺ​ഗ്രസ് കരുക്കൾ നീക്കുന്നത്

dot image

മുംബൈ: സുപ്രധാന കോൺഗ്രസ്- ശിവസേന യോഗം ഇന്ന് മുംബൈയിൽ. ഭിന്നത നിലനിൽക്കുന്ന 15 സീറ്റുകളെ സംബന്ധിച്ച് ധാരണ ഉണ്ടാക്കുകയാണ് ലക്ഷ്യം. മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തല ഉദ്ധവ് താക്കറേയുമായി കൂടിക്കാഴ്ച നടത്തും. മുംബൈയിലെ ബൈക്കുള്ള, ബാന്ദ്ര ഈസ്റ്റ്, വേർസോവാ അടക്കമുള്ള സീറ്റുകളെ സംബന്ധിച്ചും ചർച്ച നടത്തിയേക്കും.

നിലവിൽ കോൺഗ്രസിന് 96, എൻസിപി (പവാർ) 80, ശിവസേന ( താക്കറെ) 90 എന്നിങ്ങനെ സീറ്റുകൾ നൽകുന്നതിന് ധാരണയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എഐസിസി ആസ്ഥാനത്ത് ചേർന്ന കോൺ​ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോ​ഗത്തിൽ 63 സീറ്റുകളിലേക്കുള്ള നോമിനികളെ സംബന്ധിച്ച് ചർച്ച നടത്തിയതായി രമേശ് ചെന്നിത്തലയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ 25ന് വീണ്ടും യോ​ഗം ചേരും.

ഹരിയാനയിലെ അപ്രതീക്ഷിത പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ടാണ് മഹാരാഷ്ട്രയിൽ കോൺ​ഗ്രസ് കരുക്കൾ നീക്കുന്നത്. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് സ്വതന്ത്രരായി മത്സരിച്ചവരാണ് കോൺ​ഗ്രസിന് ഹരിയാനയിൽ വിനയായത്. മുംബൈ സീറ്റ് വിഭജനത്തിന് ഇത്തരം പരാതികൾ ഒഴിവാക്കാനും കോൺ​ഗ്രസ് ശ്രമിക്കുന്നുണ്ട്. അതേസമയം തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ കോൺ​ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും. 53 സ്ഥാനാർത്ഥികളെയായിരിക്കും പ്രഖ്യാപിക്കുകയെന്നാണ് നി​ഗമനം.

നേരത്തെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള 99 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക ബിജെപി പ്രഖ്യാപിച്ചിരുന്നു. 2019ൽ നടന്ന തിരഞ്ഞെടുപ്പിൽ 105 സീറ്റാണ് ബിജെപി നേടിയത്. 2014ൽ 122 സീറ്റും ബിജപി നേടിയിരുന്നു. നവംബർ 20നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക. 23ന് ഫലം പ്രഖ്യാപിക്കും.

Content Highlight: Congress Shivsena CEC meet to be held today

dot image
To advertise here,contact us
dot image