ന്യൂഡൽഹി: പ്രമുഖ എഡ്യു ടെക് കമ്പനിയായ ബൈജൂസും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡായ ബിസിസിഐയും തമ്മിലുള്ള സ്‌പോൺസർഷിപ്പ് ഒത്തുതീർപ്പ് സുപ്രീം കോടതി റദ്ദാക്കി. 158 കോടി രൂപയുടെ സ്‌പോൺസർഷിപ്പ് ബാധ്യത ഒത്തുതീർപ്പാക്കിയ നടപടിയാണ് കോടതി റദ്ദാക്കിയത്.
ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലാണ് ഇരുവരും തമ്മിലുള്ള കരാറിന് അംഗീകാരം നൽകിയത്. ബൈജൂസിന് പണം കടം നൽകിയവർ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.
അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയാണ് ബൈജൂസിനെതിര സുപ്രീം കോടതിയിളൽ ഹർജി സമർപ്പിച്ചത്. തങ്ങൾക്ക് കോടികളുടെ ബാധ്യതയുണ്ടാക്കിയ ശേഷം ബിസിസിഐക്ക് മാത്രം158 കോടി രൂപ നൽകി കേസ് ഒത്തുതീർപ്പുണ്ടാക്കിയത് ചോദ്യം ചെയ്തായിരുന്നു ഹർജി. കരാർ അംഗീകരിച്ച നടപടി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
മറ്റ് കടക്കാർക്ക് 15000 കോടിയോളം ബൈജൂസ് നൽകാനുണ്ട്. ഈ സാഹചര്യത്തിൽ ബിസിസിഐയുടെ കടം മാത്രം കൊടുത്തുതീർക്കാനുള്ള കാരണം എന്താണെന്നും കോടതി ബൈജൂസിനോട് ചോദിച്ചിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ച ചോദ്യങ്ങൾക്ക് ഇവർക്ക് കൃത്യമായ മറുപടി നൽകാൻ സാധിച്ചില്ല. ഇടപാടിന് നിയമസാധുതയില്ലാത്തതിനാൽ കമ്പനി ലോ ട്രിബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ് നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 14നാണ് ട്രിബ്യൂണൽ ബിസിസിഐ ബൈജൂസ് ഒത്തുതീർപ്പ് അംഗീകരിച്ചത്.
Content Highlight: Byju's faces setback after Supreme court sets aside nclt order