ദുരന്തം വിതച്ച് മഴ; ബെം​ഗളൂരുവിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം അഞ്ചായി

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ

dot image

ബെം​ഗളൂരു: ബെം​ഗളൂരുവിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം അ‍ഞ്ചായി. കെട്ടിടത്തിലെ തൊഴിലാളിയായ ബിഹാർ സ്വദേശിയായ ഹർമാൻ (26), ത്രിപാല്‍ (35), മുഹമ്മദ് സഹില്‍ (19), സത്യ രാജു (25), ശങ്കര്‍ എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ട 13 പേരെ രക്ഷപ്പെടുത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഇവർക്കായുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. നിർമ്മാണത്തിലിരുന്ന ഏഴ് നില കെട്ടിടമാണ് തകർന്നുവീണത്.

പരിക്കേറ്റവരിൽ നാലുപേരെ ബംഗളൂരു നോർത്ത് ആശുപത്രിയിലും മറ്റ് അഞ്ച് പേരെ നഗരത്തിലെ ഹോസ്മാറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. അഗ്നിശമനസേനയുടെയും അത്യാഹിത വിഭാഗത്തിൻ്റെയും രണ്ട് രക്ഷാ വാനുകൾ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. ഡോ​ഗ് സ്ക്വാഡ് ഉൾപ്പെടെയെത്തിയാണ് തിരച്ചിൽ നടത്തുന്നത്. മറ്റ് ഏജൻസികളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെട്ട യുവാവ് അപകടത്തെ കുറിച്ച് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോ​ഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.

ബെം​ഗളൂരുവിൽ  കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം അഞ്ചായി

ബേസ്‌മെൻ്റ് ദുർബലമായതാണ് തകർച്ചയ്ക്ക് കാരണമെന്ന് അപകടത്തിൽ നിന്നും രക്ഷപ്പെട്ട അഹമ്മദ് ആരോപിച്ചു. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അപകട സ്ഥലം സന്ദർശിച്ചു. അപകട സമയത്ത് കെട്ടിടത്തിൽ 21 പേരുണ്ടായിരുന്നുവെന്നാണ് ലഭിച്ച വിവരമെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. 'എനിക്ക് ലഭിച്ച വിവരം അനുസരിച്ച് 21 തൊഴിലാളികൾ അവിടെ ഉണ്ടായിരുന്നു. 26 വയസുള്ള ഹർമാൻ എന്നയാളുടെ മൃതദേഹം കണ്ടെടുത്തു. ഒരു ദിവസം 26 പേർ അവിടെ ജോലി ചെയ്യുന്നു', അദ്ദേഹം പ്രതികരിച്ചു. സൈറ്റിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ഉടമയക്കും ഇതിൽ ഉൾപ്പെട്ട മറ്റുള്ളവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അപകട സ്ഥലം സന്ദർശിച്ചു

ബെം​ഗളൂരുവിൽ തുടർച്ചയായി ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. ന​ഗരത്തിന്റെ പല ഭാ​ഗങ്ങളിലും പ്രത്യേകിച്ച് വടക്കൻ ബെം​ഗളൂവിൽ വെള്ളക്കെട്ടും കുഴികളും ​ഗതാ​ഗതകുരുക്കും അഭിമുഖീകരിക്കുന്നുണ്ട്. കനത്ത മഴ ജനജീവിതത്തെ ദുരിത്തതിലാഴ്ത്തിയിരിക്കുകയാണ്. ദേവനഹള്ളി, കോറം​ഗല, സഹകർന​ഗർ, യെലഹങ്ക, ഹെബ്ബാൾ, എച്ച്എസ്എസ്ആർ, ലേഔട്ട്, ബിഇഎൽ റോഡ്, ആർആർ ന​ഗര്‌, വസന്തന​ഗർ തുടങ്ങിയ ഭാ​ഗ​ങ്ങളിൽ മഴ അതിരൂക്ഷമായിരുന്നു. എച്ച്എഎൽ വിമാനത്താവളത്തിൽ 42.3 മില്ലിമീറ്റർ മഴ ലഭിച്ചു. കെംപെ​ഗൗഡ അന്താരാഷ്ട്ര വിമാത്താവളത്തിൽ തിങ്കളാഴ്ച 105 മില്ലിമീറ്റർ മഴ പെയ്തു. യെഹങ്ക കേന്ദ്രീയ വിഹാർ അപ്പാർട്ട്മെന്റ് പരിസരം മുഴുവൻ വെള്ളത്തിലായി. ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഇത്തവണ മൂന്നാമത്തെ തവണാണ് ഇവിടെ വെള്ളം കയറുന്നത്.

Content Highlights: 5 Killed In Building Collapse in Bangluru

dot image
To advertise here,contact us
dot image