'ബാബ സിദ്ദിഖിയുടെ കൊലപാതകികള്‍ നിരന്തരം ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനുമായി ബന്ധപ്പെട്ടു': പൊലീസ്

പിടിയിലായ പ്രതികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് വിവരം പൊലീസിന് ലഭിച്ചത്

dot image

മുംബൈ: എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതക കേസിലെ പ്രതികള്‍ നിരന്തരം ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ്. സ്‌നാപ് ചാറ്റ് വഴിയാണ് അക്രമികള്‍ അന്‍മോല്‍ ബിഷ്‌ണോയിയുമായി ബന്ധപ്പെട്ടിരുന്നതെന്നും പൊലീസ് പറഞ്ഞു. പിടിയിലായ പ്രതികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് വിവരം പൊലീസിന് ലഭിച്ചത്.

സ്‌നാപ് ചാറ്റ് വഴി പ്രതികള്‍ നിരന്തരം അന്‍മോല്‍ ബിഷ്‌ണോയിയുമായി ബന്ധപ്പെട്ടിരുന്നു. ആശയവിനിമയം കഴിഞ്ഞയുടനെ പ്രതികള്‍ മെസേജുകള്‍ ഡിലീറ്റ് ചെയ്തിരുന്നുവെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുമ്പും അക്രമികള്‍ അന്‍മോലുമായി സംസാരിച്ചിരുന്നു.

ബാബ സിദ്ദിഖിയുടെയും മകന്റെയും ചിത്രങ്ങളും സ്‌നാപ് ചാറ്റ് വഴി കൈമാറ്റം ചെയ്തിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ബാബ സിദ്ദിഖിക്ക് നേരെ അക്രമം നടത്തിയവരെയും അക്രമികള്‍ക്ക് ആയുധങ്ങള്‍ കൈമാറ്റം ചെയ്തവരെയും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ഇനി കൊലപാതകത്തിന് നിര്‍ദേശം നല്‍കിയവരാണ് പിടിയിലാകാനുള്ളതെന്നും അന്വേഷണ സംഘം മാധ്യമങ്ങളോട് പറഞ്ഞു.

ഒക്ടോബര്‍ 12നായിരുന്നു ബാബ സിദ്ദിഖിയെ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. മകന്റെ ഓഫീസില്‍ നിന്ന് ഇറങ്ങി കാറില്‍ കയറാന്‍ ശ്രമിക്കവെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. സംഭവത്തില്‍ പിടിയിലായവര്‍ തങ്ങള്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിലുള്ളവരാണെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Content Highlights: Lawrence Bishnoi's brother, Baba Siddique shooters used Snapchat before murder, Report

dot image
To advertise here,contact us
dot image