ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം. 17ഓളം തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന. ബെംഗളൂരുവിലെ ബാബുസാ പള്ളിയയിലാണ് സംഭവം.
അഗ്നിരക്ഷാസേനയും പൊലീസും നടത്തിയ തിരച്ചിലിലാണ് മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. മറ്റ് മൂന്ന് പേരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. വിഷയത്തിൽ പൊലീസ് ഒദ്യോഗിക വിശദീകരണം നടത്തിയിട്ടില്ല.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെട്ട യുവാവ് അപകടത്തെ കുറിച്ച് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. സംഭവത്തിന് പിന്നാലെ ഡിസിപി ദേവരാജുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവർ ഫോണിൽ സംസാരിച്ചിരുന്നു.
ബെംഗളൂരുവിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴ തുടരുകയായിരുന്നു. ഇതിനിടെയും കെട്ടിട നിർമ്മാണം നടത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാല് നിലകൾ നിർമിക്കാനായിരുന്നു കെട്ടിട ഉടമയായ ആന്ധ്ര പ്രദേശ് സ്വദേശി മുനിരാജ റെഡ്ഡി അനുമതി തേടിയിരുന്നത്. എന്നാൽ മഴ കനക്കുന്നതിനിടയിലും രണ്ട് നിലകൾ കൂടി പണിതതോടെയാണ് കെട്ടിടം നിലപതിച്ചതെന്നാണ് റിപ്പോർട്ട്.
Under Construction Building Comes Crashing Down In Seconds in Bengaluru#bengalore #buildingcollapse #northeastlive pic.twitter.com/NUsYtjmFuC
— Northeast Live (@NELiveTV) October 22, 2024
അതേസമയം ബെംഗളൂരുവിൽ മഴ കനത്തതോടെ വിവിധ സാഹചര്യങ്ങളിലായി അഞ്ച് പേരാണ് ചൊവ്വാഴ്ച മരണപ്പെട്ടത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിൽ സ്കൂളുകൾക്കും അംഗനവാടികൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടിലും വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് നിഗമനം.
Content Highlight: Three killed as under construction building collapsed in Bengaluru. Heavy rains continue in Bengaluru resulting closure of schools