ദാന ചുഴലിക്കാറ്റ് നാളെ കരതൊടും; മൂന്ന് തുറമുഖങ്ങൾക്ക് അപകട മുന്നറിയിപ്പ്, ഒഡീഷയിൽ അതീവ ജാഗ്രതാ നിർദേശം

വെളളിയാഴ്ചയോടെ ദാന കരതൊടുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

dot image

ഭുവനേശ്വർ: ദാന ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷയില്‍ അതീവ ജാഗ്രത നിര്‍ദേശം. കാലാവസ്ഥാ വകുപ്പ് മൂന്ന് തുറമുഖങ്ങള്‍ക്ക് അപകട മുന്നറിയിപ്പ് നൽകി. വെളളിയാഴ്ചയോടെ ദാന കരതൊടുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 100-110 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും, മഴയും ഉണ്ടാകുമെന്നാണ് പ്രവചനം. സർക്കാർ സജ്ജീകരണങ്ങൾ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അവലോകനം ചെയ്തു.

ഒഡീഷയില്‍ മൂന്ന് ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഒഡിഷ മുഖ്യമന്ത്രി പറഞ്ഞു. 'മൂന്ന് ജില്ലകളെ കൊടുങ്കാറ്റ് സാരമായി ബാധിക്കും. അപകട മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്. മൂന്ന്-നാല് ലക്ഷം ആളുകളെ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിയോടെ 90% ആളുകളെയും മാറ്റിപ്പാർപ്പിക്കുകയാണ് ലക്ഷ്യം. ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള തീരപ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സംസ്ഥാന സർക്കാർ ദാന ചുഴലിക്കാറ്റിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കേന്ദ്രപാര, ഭദ്രക്, ബാലസോർ, ജഗത്സിംഗ്പൂർ, പുരി എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് കൂടുതൽ ബാധിക്കുക. ഈ ജില്ലകൾ ഉൾപ്പെടെ ദുരിതബാധിത ജില്ലകൾക്കായി ക്രമീകരണങ്ങൾ നിലവിലുണ്ട്', ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു.

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വിമാനങ്ങള്‍ റദ്ദ് ചെയ്തു. ഇന്ന് വൈകീട്ട് 6 മുതല്‍ 15 മണിക്കൂര്‍ സമയത്തേക്കാണ് വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. കിഴക്കന്‍, തെക്ക് കിഴക്കന്‍ റെയില്‍വ്വേ നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. സംസ്ഥാന ജനസംഖ്യയുടെ പകുതിയോളം പേരെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് ആശങ്ക.

ചുഴലിക്കാറ്റിനെ തുടർന്നുണ്ടാകുന്ന സാഹചര്യം നേരിടാൻ സർക്കാർ പൂർണ്ണ സജ്ജമാണെന്നും ജനങ്ങൾ സുരക്ഷിതരായിരിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിവിധ ജില്ലകളിൽ മന്ത്രിമാരെയും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ച രൂപപ്പെട്ട ദാന ചുഴലിക്കാറ്റ് കൊൽക്കത്ത ഉൾപ്പെടെയുള്ള തെക്കൻ പശ്ചിമ ബംഗാളിലെ പല ജില്ലകളിലും കനത്ത മഴയ്ക്ക് കാരണമാകുമെന്ന് ഐഎംഡി അറിയിച്ചു.

Content Highlights: Cyclone Dana Updates

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us