ന്യൂഡൽഹി: ലക്ഷക്കണക്കിന് റബ്ബർ കർഷകരുടെയും തൊഴിലാളികളുടെയും ചെറുകിട വ്യാപാരികളുടെയും ഉപജീവനത്തെ സാരമായി ബാധിക്കുന്ന പ്രകൃതിദത്ത റബ്ബർ (എൻആർ) വിലയിൽ കുത്തക ടയർ കമ്പനികളുടെ നിയമവിരുദ്ധ കൂട്ടായ്മ നഗ്നമായ കൃത്രിമം കാണിക്കുന്നതായി അഖിലേന്ത്യ കിസാൻ സഭ (എഐകെഎസ്). പ്രധാന റബ്ബർ ഉത്പാദക സംസ്ഥാനങ്ങളായ കേരളത്തിലും ത്രിപുരയിലും ഉൾപ്പെടെ റബ്ബർ കർഷകർ കടുത്ത പ്രതിസന്ധി നേരിടുകയാണ്.റബർ കർഷകർ കടക്കെണിയിലാകുമ്പോൾ ടയർ കുത്തകകൾ വൻ ലാഭം കൊയ്യുകയാണെന്നും എഐകെഎസ് കുറ്റപ്പെടുത്തി.
ഓഗസ്റ്റ് 9-ന് കിലോഗ്രാമിന് 247 രൂപയിലെത്തിയ പ്രകൃതിദത്ത റബ്ബറിൻ്റെ വില പിന്നീട് കുത്തനെ കുറയുകയായിരുന്നു. ഒക്ടോബർ 24-ന് കോട്ടയം മാർക്കറ്റിൽ RSS-4 ഗ്രേഡിന് 184 രൂപയായിരുന്നു വില. ഇന്ത്യയിലെ പ്രകൃതിദത്ത റബ്ബറിൻ്റെ ആഭ്യന്തര വിപണി വിലയായി കോട്ടയം മാർക്കറ്റ് നിരക്കാണ് കണക്കാക്കപ്പെടുന്നത്. പ്രാദേശികമായി വ്യാപാരി വില എന്നറിയപ്പെടുന്ന കേരളത്തിലെ വ്യാപാരികളുടെ വില ഒക്ടോബർ 24-ന് കിലോഗ്രാമിന് 177 രൂപയായിരുന്നു. കോട്ടയം, പത്തനംതിട്ട, എറണാകുളം ഒഴികെയുള്ള കേരളത്തിലെ മറ്റ് ജില്ലകളിലെ കർഷകർക്ക് എല്ലായ്‌പ്പോഴും വ്യാപാരി വിലയേക്കാൾ കിലോയ്ക്ക് 5 രൂപ മുതൽ 10 രൂപ വരെ വിലക്കുറവാണ് ലഭിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ചും വില കുറയുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്നും എഐകെഎസ് ചൂണ്ടിക്കാണിച്ചു.
നിലവിൽ അന്താരാഷ്‌ട്ര വിപണിയിൽ (ബാങ്കോക്ക്, തായ്‌ലൻഡ്) സ്വഭാവിക റബ്ബറിൻ്റെ വില ആഭ്യന്തര വിപണിയേക്കാൾ 30/കിലോഗ്രാം കൂടുതലാണ്. ആഭ്യന്തര വിപണിയിൽ സ്വഭാവിക റബ്ബറിൻ്റെ വില അന്താരാഷ്‌ട്ര വിപണിയേക്കാൾ കൂടുതലായിരുന്ന സമയത്തെല്ലാം സ്വഭാവിക റബ്ബർ ഉത്പാദകരായ വിദേശരാജ്യങ്ങളിൽ നിന്ന് ഡ്യൂട്ടി ഫ്രീ ആയി ഇറക്കുമതിക്ക് ഓട്ടോമോട്ടീവ് ടയർ നിർമ്മാതാക്കളുടെ ശക്തരായ ലോബി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്താറുള്ളത് എഐകെഎസ് ചൂണ്ടിക്കാണിച്ചു. എല്ലായിപ്പോഴും കേന്ദ്രസർക്കാർ അതിന് വഴങ്ങുകയും വൻതോതിൽ ഇറക്കുമതി അനുവദിക്കുന്നതാണ് പതിവ്. ഏതാനും മാസങ്ങൾക്ക് മുമ്പ് ആഭ്യന്തര വില അൽപ്പം ഉയർന്നപ്പോൾ കുത്തക ടയർ നിർമ്മാതാക്കൾ ഇതേ തന്ത്രം പ്രയോഗിച്ചതും എഐകെഎസ് ചൂണ്ടിക്കാണിച്ചു. ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ രാജ്യത്ത് സ്വഭാവിക റബ്ബറിൻ്റെ ഇറക്കുമതി 22 ശതമാനമാണ് വർദ്ധിച്ചത്. കഴിഞ്ഞ വർഷത്തെ 254,488 ടണ്ണിൽ നിന്ന് ഈ വർഷം 310,713 ടണ്ണായി ഇറക്കുമതി ഉയർന്നു. അന്താരാഷ്‌ട്ര വിപണിയിൽ സ്വഭാവിക റബ്ബറിൻ്റെ വില ആഭ്യന്തര വിപണിയേക്കാൾ കൂടുതലായിരിക്കുമ്പോൾ കർഷകർക്ക് മികച്ച വില ലഭിക്കുന്നതിനായി ഇത് കയറ്റുമതി ചെയ്യാൻ കേന്ദ്ര വാണിജ്യ മന്ത്രായലം തയ്യറാകാത്തതിനെയും എഐകെഎസ് കുറ്റപ്പെടുത്തി.
ടയർ വ്യവസായത്തിൻ്റെ കുത്തക രീതികളും വിലയിലെ കൃത്രിമത്വവും നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ അടിയന്തരിമായി ഇടപെടണമെന്നും എഐകെഎസ് ആവശ്യപ്പെട്ടു. ടയർ കാർട്ടൽ നടത്തുന്ന മുതലാളിമാർ ശിക്ഷിക്കപ്പെടണമെന്നും കർഷകർക്ക് ആദായകരമായ വില ഉറപ്പാക്കിക്കൊണ്ട് സ്വഭാവിക റബ്ബറിന് ന്യായവില സംവിധാനം നടപ്പിലാക്കണമെന്നും എഐകെഎസ് ആവശ്യപ്പെട്ടു.
നേരത്തെ റബ്ബർ കർഷകരെ ടയർ കമ്പനികളും ബോർഡും ചേർന്ന് ചതിക്കുന്നുവെന്ന വാർത്ത ഫെയ്സ്ബുക്കിൽ പങ്കുവെച്ച് എഐകെഎസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ ടയർ കമ്പനികൾക്കെതിരെ രംഗത്ത് വന്നിരുന്നു. റബർ കർഷകരുടെ രക്തം ഊറ്റി കുടിക്കുന്ന ടയർ കാർട്ടലിനെതിരെ അഖിലേന്ത്യാ കിസാൻ സഭ നടത്തുന്ന പോരാട്ടം കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് ഏറെ നിർണായകമാണ്. റബറിൻ്റെ വില ഇടിക്കാൻ കുത്തക കമ്പനികൾ രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട് നടത്തുന്ന പകൽ കൊള്ളയാണ് വാർത്തയിൽ പറയുന്നത് എന്നും വിജു കൃഷ്ണൻ ചൂണ്ടിക്കാണിച്ചിരുന്നു.