ബെം​ഗളൂരുവിൽ മലയാളി യുവതിക്ക് നേരെ അതിക്രമം; നായ്ക്കളെ കല്ലെറിഞ്ഞതിന് യുവതിയുടെ മുഖത്തടിച്ച് യുവാവ്

യുവതി കർണാടക ഡിജിപിയ്ക്കും ബെം​ഗളൂരു സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്

dot image

ബെം​ഗളൂരു: ബെം​ഗളൂരുവിൽ മലയാളി യുവതിക്ക് നേരെ അതിക്രമം. അക്രമിക്കാൻ വന്ന തെരുവ് നായയെ കല്ലെറിഞ്ഞതിനാണ് യുവതിയ്ക്ക് നേരെ മർദ്ദനവും ലൈം​ഗിക അതിക്രമവും നടത്തിയത്. ബെം​ഗളൂരുവിലെ രാമമൂർത്തി നഗറിൽ എൻ ആർ ഐലെ ഔട്ടിൽ വെച്ചായിരുന്നു സംഭവം. വിഷയത്തിൽ യതീഷ് എന്ന ആൾക്കെതിരെ പരാതി നൽകിയിട്ടും എഫ്ഐആറിൽ പൊലീസ് പേര് ചേർത്തിട്ടില്ലെന്നും യുവതി ആരോപിച്ചു. പരാതിയിൽ അജ്‍ഞാതനായ ഒരാളാണ് അതിക്രമം നടത്തിയിരിക്കുന്നതെന്നും ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നുമാണ് എഫ്ഐആറിലുള്ളത്. ഇത് ചോദ്യം ചെയ്ത് യുവതി കർണാടക ഡിജിപിയ്ക്കും ബെം​ഗളൂരു സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി.

ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യവെ നായ്ക്കൂട്ടങ്ങൾ പിന്നാലെ വരികയായിരുന്നു. തുടര്‍ന്ന് വണ്ടി നിർത്തി യുവതി ഒരു കല്ലെടുത്ത് പട്ടികള്‍ക്ക് നേരെ എറിഞ്ഞു. ഇതുകണ്ടുകൊണ്ട് വന്ന പ്രദേശവാസിയാണ് ഇവര്‍ക്കെതിരെ അതിക്രമം നടത്തിയത്. പട്ടികളെ കല്ലെറിഞ്ഞത് എന്തിനാണെന്ന് ചോദ്യം ചെയ്തു. ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ചെയ്തതാണെന്നായിരുന്നു യുവതി മറുപടി നൽകിയത്.

താന്‍ ഭക്ഷണം കൊടുത്ത് തീറ്റിപോറ്റുന്ന നായയാണെന്നും ഇതിനെ കല്ലെറിയാന്‍ സമ്മതിക്കില്ലായെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. പട്ടി കടിച്ചാല്‍ മാത്രം പരാതി പറഞ്ഞാല്‍ മതി, അതിന് മുന്‍പ് കല്ലെറിയുന്നത് നല്ല രീതിയല്ലെന്നും പറഞ്ഞ യുവാവ് പരാതിക്കാരിയുടെ മുഖത്തടിക്കുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. സംഭവം കണ്ട് ആളുകള്‍ ഓടിക്കൂടി. അവരുടെ മുന്നില്‍വെച്ചും യുവതിക്ക് നേരെ ഇയാള്‍ അപമര്യാദയോടെ പെരുമാറിയെന്നും പരാതിയിൽ പറയുന്നു.

'ഒരു കൂട്ടം തെരുവുപട്ടികൾ എൻ്റെ വാഹനത്തിന് പിന്നാലെ ഓടി. വളരെ അ​ഗ്രസീവായിട്ടുള്ള നായകളായിരുന്നു. വണ്ടി നിർത്തി പട്ടികൾക്ക് നേരെ കല്ലെറിഞ്ഞു. ആ സമയം അടുത്തുള്ള വീട്ടിൽ നിന്ന് ഒരു പയ്യൻ ഇറങ്ങിവന്നു. നിങ്ങൾ എന്താണ് ചെയ്യുന്നത്, നായ്ക്കളെ കല്ലെറിയുന്നോ? വാക്സിനേറ്റ് ചെയ്ത നായ്ക്കളാണെന്നും പറഞ്ഞു. മറുപടി പറയാതെ വണ്ടിയെടുക്കാൻ പോയപ്പോൾ വണ്ടിയിൽ കീ ഇല്ല. കീ അവന്റെ കയ്യിലാണെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു . കീ തരാൻ പറഞ്ഞ് ഞങ്ങൾ തമ്മിൽ തർക്കമുണ്ടായി. കീ പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നതിനിടയിൽ എൻ്റെ മുഖത്തടിച്ചു. അടിച്ചപ്പോൾ തന്നെ എൻ്റെ കണ്ണട താഴെ വീണു. ചെറിയ മുറിവും ഉണ്ടായി. അപ്പോൾ ആ യുവാവിന്റെ അമ്മയോ ആരോ ഒരാൾ കീ വലിച്ചെറിഞ്ഞു. കീ എടുത്ത് ഞാൻ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകി', യുവതി പറഞ്ഞു. കേസുമായി മുന്നോട്ട് പോകുമെന്ന് യുവതി കൂട്ടിച്ചേർത്തു.

Content Highlights: Malayali woman attacked in Bengaluru

dot image
To advertise here,contact us
dot image