ന്യൂഡല്‍ഹി: രാജ്യത്തെ വിമാനങ്ങള്‍ക്ക് നേരെ ഇന്നും വ്യാജ ബോംബ് ഭീഷണി. 25 ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് നേരെയാണ് ഇന്ന് ഭീഷണി ഉണ്ടായത്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, വിസ്താര വിമാനങ്ങള്‍ക്കാണ് ഭീഷണി. ഇന്‍ഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ് എന്നിവയുടെ ഏഴ് വീതം വിമാനങ്ങള്‍ക്കും എയര്‍ ഇന്ത്യയുടെ ആറ് വിമാനങ്ങള്‍ക്കും നേരെയാണ് ഭീഷണിയുണ്ടായത്.
ഇന്‍ഡിഗോയുടെ കോഴിക്കോട്-ദമ്മാം, ഉദയ്പൂര്‍-ഡല്‍ഹി, ഡല്‍ഹി-ഇസ്താംബൂള്‍, ജിദ്ദാ-മുംബൈ, മുംബൈ-ഇസ്താംബൂള്‍, ഹൈദരാബാദ്-ഛണ്ഡീഗഡ്, പൂനെ-ജോദ്പൂര്‍ എന്നീ വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണിയുണ്ടായതെന്ന് ഇന്‍ഡിഗോ വക്താവ് പറഞ്ഞു.
12 ദിവസത്തിനുള്ളില്‍ 275ലധികം വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. സമൂഹമാധ്യമം വഴിയാണ് ഇതിലെ കൂടുതല്‍ ബോംബ് ഭീഷണിയും നടന്നത്. വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട സന്ദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്ന് സമൂഹമാധ്യമങ്ങളായ മെറ്റയോടും എക്‌സിനോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ ഭീഷണികള്‍ക്ക് പിന്നിലുള്ളവരെ കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ എക്സ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിരുന്നു. പതിനൊന്ന് എക്സ് അക്കൗണ്ടുകളുടെ വിവരങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചത്. വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ വിമാന കമ്പനികള്‍ക്ക് കൈമാറിയിട്ടുണ്ട്.
അതേസമയം ബോംബ് ഭീഷണി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബോംബ് ഭീഷണി സന്ദേശം തടയാന്‍ എക്‌സ് പ്ലാറ്റ്‌ഫോം എ ഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചിട്ടുണ്ട്. ഭീഷണി വരുന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ച് ബ്ലോക്ക് ചെയ്യുന്നതാണ് സംവിധാനം. ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് കോടികളുടെ നഷ്ടമാണ് ബോംബ് ഭീഷണി മൂലമുണ്ടായത്. മാത്രമല്ല, യാത്രക്കാരെ ഇത് വലിയ രീതിയില്‍ ബാധിക്കുകയും ചെയ്തു.
Content Highlights: Today 25 Flights got fake Bomb threats