'സന്ദേശമയച്ചത് പ്രശസ്തിക്കു വേണ്ടി'; വിമാനങ്ങള്‍ക്ക് നേരെയുള്ള ബോംബ് ഭീഷണിയില്‍ ഒരാള്‍ അറസ്റ്റില്‍

ടിവിയില്‍ സമാനമായ ഭീഷണി വാര്‍ത്തകള്‍ കണ്ടപ്പോള്‍ പ്രശസ്തിക്കുവേണ്ടിയാണ് പ്രതി സന്ദേശം അയച്ചതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.

dot image

ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്ക് എതിരായ വ്യാജ ബോംബ് ഭീഷണിയില്‍ ഒരാള്‍ അറസ്റ്റില്‍. ഉത്തം നഗര്‍ സ്വദേശിയായ ശുഭം ഉപാധ്യായ(25)യാണ് ഡല്‍ഹിയില്‍ പിടിയിലായത്. ഡല്‍ഹി വിമാനത്താവളത്തിലെ ബോംബ് ഭീഷണിയിലാണ് അറസ്റ്റ്. ടിവിയില്‍ സമാനമായ ഭീഷണി വാര്‍ത്തകള്‍ കണ്ടപ്പോള്‍ പ്രശസ്തിക്കുവേണ്ടിയാണ് പ്രതി ഭീഷണി സന്ദേശം അയച്ചതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.

ഇതുവരെ നടന്ന ഭീഷണികളില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തേയാളാണ് ശുഭം. കഴിഞ്ഞ ആഴ്ച 17 വയസുകാരനെ മുബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.വെള്ളിയാഴ്ച രാത്രിയും ഇന്ന് പുലര്‍ച്ചെയ്ക്കുമിടയില്‍ രണ്ട് ഭീഷണി സന്ദേശം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിന് നേരെയുണ്ടായതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വഷണത്തില്‍ സന്ദേശം അയച്ചത് ശുഭമാണെന്ന് കണ്ടെത്തുകയായിരുന്നു. സമൂഹമാധ്യമം വഴിയായിരുന്നു ശുഭം ഭീഷണിപ്പെടുത്തിയത്. ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പൊലീസ് അറിയിച്ചു.

അതേസമയം രാജ്യത്ത് വിമാനങ്ങള്‍ക്ക് നേരെയുള്ള ഭീഷണി വര്‍ധിക്കുകയാണ്. ഒക്ടോബര്‍ 14 മുതല്‍ 275 വിമാനങ്ങള്‍ക്കാണ് ഭീഷണിയുണ്ടായത്. കഴിഞ്ഞ ദിവസം മാത്രം 25 ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് നേരെയാണ് ഭീഷണി ഉണ്ടായത്. വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ എക്‌സ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിരുന്നു. പതിനൊന്ന് എക്‌സ് അക്കൗണ്ടുകളുടെ വിവരങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചത്. വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ വിമാന കമ്പനികള്‍ക്ക് കൈമാറിയിട്ടുണ്ട്.

അതേസമയം ബോംബ് ഭീഷണി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബോംബ് ഭീഷണി സന്ദേശം തടയാന്‍ എക്സ് പ്ലാറ്റ്ഫോം എ ഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചിട്ടുണ്ട്. ഭീഷണി വരുന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ച് ബ്ലോക്ക് ചെയ്യുന്നതാണ് സംവിധാനം. ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് കോടികളുടെ നഷ്ടമാണ് ബോംബ് ഭീഷണി മൂലമുണ്ടായത്. മാത്രമല്ല, യാത്രക്കാരെ ഇത് വലിയ രീതിയില്‍ ബാധിക്കുകയും ചെയ്തു.

Content Highlights: One arrested in Threat against Flights in India

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us