ചെന്നൈ: ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയ്. തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ ആദ്യ സമ്മേളനത്തിലാണ് ജാതി സെന്‍സസ് നടത്തണമെന്ന് വിജയ് ആവശ്യപ്പെട്ടത്. ആയിരങ്ങള്‍ അണിനിരന്ന സമ്മേളനത്തില്‍ തമിഴക വെട്രി കഴകത്തിന്റെ നയങ്ങളും വിജയ് പ്രഖ്യാപിച്ചു. 2026ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പറച്ചിലല്ല, പ്രവൃത്തിയാണ് മുഖ്യമെന്നും വിജയ് വ്യക്തമാക്കി. ജാതി വിവേചനങ്ങളെ എതിര്‍ക്കണമെന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ടിവികെ പ്രവര്‍ത്തകരോടായി ആവശ്യപ്പെട്ടു. 'പോരാട്ടം തുടരും. ഭയമില്ലാതെ ധീരമായി മുന്നോട്ട് പോകും. ടിവികെ പ്രവര്‍ത്തകര്‍ വിവേകമുള്ളവരാകണം. ജാതി വിവേചനങ്ങള്‍ എതിര്‍ക്കണം. നമ്മള്‍ മാത്രമാണ് ശരിയെന്ന് കരുതരുത്. ജനങ്ങള്‍ക്ക് വേണ്ടി നാം പ്രവര്‍ത്തിക്കണം. ജനങ്ങള്‍ക്കായി എന്ത് ചെയ്യണം എന്ന തോന്നലില്‍ നിന്നാണ് രാഷ്ട്രീയ വഴി തിരഞ്ഞെടുത്തത്. ഓരോ കാല്‍വയ്പും കൃത്യമായിരിക്കും. രാഷ്ട്രീയ നിലപാട് പ്രധാനമാണ്. അപ്പോള്‍ ശത്രുക്കള്‍ ആരെന്നറിയാം. നമ്മുടെ ജയം തീരുമാനിക്കുന്നത് ശത്രുക്കളാണ്', അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ വിവേചനം തുറന്ന് പറഞ്ഞപ്പോള്‍ തന്നെ പലര്‍ക്കും പൊള്ളിയെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. ടിവികെയ്ക്ക് മുഖ്യമായും രണ്ട് ശത്രുക്കളാണുള്ളതെന്നും അത് അഴിമതിയും അസമത്വവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിക്കെതിരെ ശക്തമായ പോരാട്ടമുണ്ടാകുമെന്നും വിജയ് പറയുന്നു.
ജനങ്ങളോടൊപ്പം എപ്പോഴുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 'പ്രഖ്യാപനങ്ങള്‍ പ്രായോഗികമാകണം. വെറും വാക്കുകള്‍ ഉണ്ടാകില്ല. മകനായും സഹോദരനായും സുഹൃത്തായും ഒപ്പമുണ്ടാകും. രാഷ്ട്രീയ വാളേന്തി കഴിഞ്ഞു. ഈ ജനക്കൂട്ടം പണത്തിന് വേണ്ടിയല്ല. കൃത്യമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. തമിഴ്‌നാട് മാത്രമല്ല, അയല്‍ സംസ്ഥാനങ്ങളും ലോകം മുഴുവനും നമ്മെ കാതോര്‍ക്കുന്നു', അദ്ദേഹം പറഞ്ഞു.
വിമര്‍ശനങ്ങളെ തള്ളിക്കളയണമെന്നും വിജയ് ആവശ്യപ്പെട്ടു. സമ്മേളനത്തിന് അണിനിരന്നവര്‍ക്ക് മുന്നില്‍, നിയമസഭാ പോരാട്ടത്തിലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ വോട്ട് ടിവികെയ്ക്ക് ആയിരിക്കുമെന്നും കാത്തിരുന്ന് കാണൂവെന്നും വിജയ് പറഞ്ഞു. ഒരു വിഭാഗം ആര് രാഷ്ട്രീയത്തില്‍ വന്നാലും തകര്‍ക്കാന്‍ നോക്കുന്നു. ജനങ്ങളെ വഞ്ചിക്കുകയാണവര്‍. ഏകാധിപതികളെപ്പോലെ പെരുമാറുന്നു. അവര്‍ക്കുള്ള മറുപടിയാകും ടിവികെ. കുടുംബാധിപത്യമാണ് നമ്മുടെ രാഷ്ട്രീയ ശത്രുവെന്നും കുടുംബാധിപത്യത്തെ തകര്‍ക്കണമെന്നും ഡിഎംകെയെ പരോക്ഷമായി വിമര്‍ശിച്ച് വിജയ് പറഞ്ഞു.
സ്ത്രീകളായിരിക്കും തങ്ങളുടെ ശക്തിയെന്നും അദ്ദേഹം സൂചിപ്പിച്ചു. 'അമ്മമാര്‍, സഹോദരിമാര്‍, പെണ്‍മക്കള്‍, അവരുടെ പിന്തുണയില്‍ വിശ്വാസമുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കും. നിങ്ങളുടെ മകനായും അണ്ണനായും ഉണ്ടാകും. രാക്ഷസക്കോട്ടയില്‍ എങ്ങനെ മുന്നോട്ട് പോകുമെന്ന് പലരും ചോദിച്ചു. ഒറ്റക്ക് പോരാട്ടം നയിച്ച് മുന്നോട്ട് പോകും. നിങ്ങളുടെ ഹൃദയത്തോടാണ് ഞാന്‍ സംസാരിക്കുന്നത്. എം ജി ആറിനേയും'കൂത്താടി' എന്ന് വിളിച്ചു. അങ്ങനെ വിളിക്കപ്പെടുന്നതില്‍ അഭിമാനമുണ്ട്', വിജയ് പറഞ്ഞു.
സിനിമ ശക്തമായ കലാരൂപമാണെന്നും ദ്രാവിഡ രാഷ്ട്രീയം വളര്‍ന്നതില്‍ സിനിമകള്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമ സത്യങ്ങള്‍ വിളിച്ചു പറയുമെന്നും സിനിമകള്‍ക്ക് കയ്യടിക്കുന്നത് സാധാരണക്കാരാണെന്നും വിജയ് ചൂണ്ടിക്കാട്ടി. അവര്‍ ആഗ്രഹിക്കുന്നതാണ് സിനിമകള്‍ പറയുന്നത്. സിനിമയില്‍ വന്നപ്പോഴും പലരും അധിക്ഷേപിച്ചു. പക്ഷേ ഓരോ തവണയും പോരാടി ഇവിടം വരെയെത്തിയെന്നും വികാരാധീനനായി വിജയ് പറഞ്ഞു.
'ഇപ്പോള്‍ കിട്ടുന്ന സ്വീകാര്യത സിനിമ തന്നതാണ്. നടനായതില്‍ അഭിമാനമുണ്ട്. നേരിട്ട് ജനഹൃദയങ്ങളില്‍ ഇടം നേടാന്‍ സിനിമയിലൂടെ സാധിച്ചു. അവര്‍ക്ക് വേണ്ടി ഭയമില്ലാതെ നിലകൊള്ളും. വിമര്‍ശനങ്ങള്‍ക്ക് നിങ്ങളുടെ വിരലുകള്‍ മറുപടി നല്‍കും. നിങ്ങളെ മാത്രം വിശ്വസിച്ചാണ് വന്നത്. ആ വിശ്വാസം കാക്കും. ഈ പാര്‍ട്ടി പുതിയ ദിശ നല്‍കും. തെറ്റായ രാഷ്ട്രീയങ്ങളെ തുടച്ചു നീക്കും', എന്നും അണികള്‍ക്ക് വിജയ് ഉറപ്പ് നല്‍കി.
Content Highlights: Actor Vijay at TVK says Caste Census must be done