ചെന്നൈ: തമിഴക രാഷ്ട്രീയത്തിലേക്ക് മാസ് എന്‍ട്രി ലക്ഷ്യമിടുന്ന നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്. വിഴുപ്പുറത്തെ വിക്രവണ്ടിയില്‍ വൈകിട്ട് നാല് മണിക്ക് സമ്മേളനം ആരംഭിക്കും. സമ്മേളനത്തില്‍ അധ്യക്ഷന്‍ വിജയ് തമിഴക വെട്രി കഴകത്തിന്റെ നയവും ലക്ഷ്യവും പ്രഖ്യാപിക്കും. സമ്മേളനത്തിനായി വിക്രവണ്ടിയില്‍ 85 ഏക്കര്‍ മൈതാനത്ത് വിശാലമായ വേദിയും പ്രവര്‍ത്തകര്‍ക്കിരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പെരിയാറിന്റെയും അംബേദ്കറിന്റെയും ഉള്‍പ്പടെയുള്ള കട്ടൗട്ടുകള്‍ കൊണ്ട് അലങ്കരിച്ച സമ്മേളന നഗരിയില്‍ സ്റ്റേജ് രൂപകല്‍പന ചെയ്തിരിക്കുന്നത് തമിഴ്‌നാട് സെക്രട്ടേറിയേറ്റിന്റെ മാതൃകയിലാണ്. അഞ്ചുലക്ഷം പേര്‍ സമ്മേളന നഗരിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. ദ്രാവിഡ രാഷ്ട്രീയത്തിലൂന്നി തമിഴ് വികാരം ഉണര്‍ത്തിയാകും പാര്‍ട്ടി മുന്നോട്ടു പോകുകയെന്നു പാര്‍ട്ടി പതാക ഗാനത്തിലൂടെ നേരത്തെ വിജയ് വ്യക്തമാക്കിയതാണ്.
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വിജയുടെ രാഷ്ട്രീയ പ്രവേശത്തിന്റെ ഗതി എങ്ങോട്ടെന്ന് ഉറ്റു നോക്കുകയാണ് തമിഴക രാഷ്ട്രീയം. തുടര്‍ ഭരണം പ്രതീക്ഷിച്ച് കരുക്കള്‍ നീക്കുന്ന ഡിഎംകെ ഇതുവരെ വിജയുടെ പാര്‍ട്ടിയെ വിമര്‍ശിച്ചിട്ടില്ല. അണ്ണാഡിഎംകെ വിജയിയെ പിന്തുണച്ചു രംഗത്ത് വന്നിരുന്നു ബിജെപി നീരസം പ്രകടമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ ഭരണ - പ്രതിപക്ഷ പാര്‍ട്ടികളോടുള്ള നയവും നിലപാടും വിജയ് ഇന്നത്തെ പ്രസംഗത്തിലൂടെ വിശദീകരിക്കും. സിനിമ ലോകത്തു നിന്നുള്ളവരുടെ രാഷ്ട്രീയ പ്രവേശം ഏറെ കണ്ട തമിഴകം വിജയ് എന്ന നടനെ രാഷ്ട്രീയക്കാരനായി എത്രത്തോളം സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.
Content Highlights: Actor Vijay's party TVK first state-level conference in Villupuram Today