ന്യൂഡല്‍ഹി: ഉദ്ദവ് താക്കറേ നേതൃത്വം നല്‍കുന്ന ശിവസേനയുടെ ആദിത്യ താക്കറെ മത്സരിക്കുന്ന മണ്ഡലത്തില്‍ ശ്രദ്ധേയമായ നീക്കവുമായി ഷിന്‍ഡെ വിഭാഗം ശിവസേന. മുംബൈയിലെ വര്‍ളി മണ്ഡലത്തില്‍ മുന്‍ കോണ്‍ഗ്രസ് എംപിയും ഇപ്പോള്‍ രാജ്യസഭാംഗവുമായ മിലിന്ദ് ദിയോറയെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്.
2019ല്‍ ആദിത്യ താക്കറെ മണ്ഡലത്തില്‍ വലിയ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്ന് 6000 വോട്ടിന്റെ ലീഡ് മാത്രമേ ഉദ്ദവ് താക്കറേ ശിവസേന സ്ഥാനാര്‍ത്ഥി അരവിന്ദ് സാവന്തിന് ലഭിച്ചുള്ളൂ. ശിവസേനയിലെ പിളര്‍പ്പിന് ശേഷം മണ്ഡലത്തിലെ വോട്ട് കണക്കുകളില്‍ മാറ്റമുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആദിത്യ താക്കറെയെ പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ് ഷിന്‍ഡെ വിഭാഗം ശിവസേന കരുതുന്നത്.
മഹാരാഷ്ട്രയില്‍ ശിവസേന എക്നാഥ് ഷിന്‍ഡെ പക്ഷം രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചിരുന്നു. 20 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഈ പട്ടികയിലാണ് മിലിന്ദ് ദിയോറ ഇടം നേടിയത്. ഇതോടെ 65 സീറ്റുകളില്‍ ശിവസേന ഷിന്‍ഡെ പക്ഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 23നാണ് വോട്ട് എണ്ണുന്നത്.