'ആർക്ക് വേണമെങ്കിലും പാർട്ടി തുടങ്ങാം, പക്ഷേ..'; വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിൽ ഉദയനിധി സ്റ്റാലിൻ

നിരവധി താരങ്ങളാണ് വിജയ്ക്ക് ആശംസകൾ അറിയിച്ച് രം​ഗത്തെത്തിയത്.

dot image

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്ക് മാസ് എൻട്രി നടത്തിയ നടൻ വിജയ്ക്ക് ആശംസകളുമായി തമിഴ്നാട് ഉപമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. വിജയ് തന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണെന്നും ആശംസകൾ നേരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയത്തിനാവശ്യം ജനസേവനമാണെന്നും ഉദയനിധി സ്റ്റാലിൻ കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം

'വിജയ് എൻ്റെ ഏറെക്കാലമായുള്ള അടുത്ത സുഹൃത്താണ്. കുട്ടിക്കാലം മുതൽ അദ്ദേഹത്തെ അറിയാം. ആദ്യമായി നിർമിച്ച സിനിമയും വിജയ്ക്കൊപ്പമാണ്. അദ്ദേഹത്തിന്റെ പുതിയ പാർട്ടി എല്ലാ വിധ ആശംസകളും നേരുന്നു', അദ്ദേഹം പറഞ്ഞു. വിജയ് യുടെ തമിഴക വെട്രിക് കഴകം ഡിഎംകെയ്ക്ക് തിരിച്ചടിയാകുമോ എന്ന ചോദ്യത്തിന് കഴിഞ്ഞ 75 വർഷത്തിനിടെ നിരവധി പാർട്ടികൾ തമിഴ് രാഷ്ട്രീയത്തിൽ രൂപപ്പെട്ടിട്ടുണ്ടെന്നും പലതും അപ്രത്യക്ഷമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർക്ക് വേണമെങ്കിലും പാർട്ടി തുടങ്ങാനാകും. ആവശ്യം ജനസേവനമാണെന്നും ഉദയനിധി കൂട്ടിച്ചേർത്തു.

നിരവധി താരങ്ങളാണ് വിജയ്ക്ക് ആശംസകൾ അറിയിച്ച് രം​ഗത്തെത്തിയത്.

സൂര്യ: 'നൻബന്ക്ക് വാഴ്ത്തുക്കൾ' എന്നായിരുന്നു വിജയുടെ രാഷ്ട്രീയ പ്രവേശനത്തിൽ സൂര്യയുടെ പ്രതികരണം. തന്റെ സുഹൃത്ത് ഒരു പുതിയ പാതയിലേക്ക് കടക്കുകയാണെന്നും എല്ലാവിധ ആശംസകളും നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കങ്കുവ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സൂര്യയുടെ പരാമർശം.

ജയം രവി: ദളപതി വിജയ് അണ്ണന് ഈ അസുലഭ നിമിഷത്തിൽ ആശംസകൾ നേരുന്നു. സിനിമകളിൽ കാണിക്കുന്ന അതേ ഊർജവും അഭിനിവേശവും രാഷ്ട്രീയത്തിലേക്കും കൊണ്ടുവരിക. പുതിയ ചുവടുവെയ്പ്പിന് എല്ലാ വിധ ആശംസകളും.

വെങ്കട്ട് പ്രഭു: ഇന്ന് നടക്കുന്ന യോ​ഗത്തിലൂടെ രാഷ്ട്രീയത്തിലേക്ക് രം​ഗപ്രവേശം നടത്തുന്ന @actorvijay ക്ക് ആശംസകൾ നേരുന്നു .. നിങ്ങളുടെ കാഴ്ചപ്പാടുകൾ നിരവധി പേരുടെ ജീവിതത്തിലേക്ക് പോസിറ്റീവ് ആയ മാറ്റങ്ങളും വെളിച്ചവും കൊണ്ടുവരാൻ സാധിക്കട്ടെ.

വസന്ത് രവി: നിങ്ങളുടെ പുതിയ തുടക്കത്തിന് എല്ലാ വിധ ആശംസകളും അറിയിക്കുന്നു. സിനിമകളിലൂടെ മാത്രമല്ല, നിങ്ങളുടെ പ്രവർത്തനത്തിലൂടെയും നിരവധി പേർക്ക് പ്രചോദനമാകാൻ നിങ്ങൾക്ക് സാധിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ രാഷ്ട്രീയത്തിലൂടെയും നിങ്ങൾ മറ്റുള്ളവർക്ക് പ്രചോദനമായി മാറും. ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. പ്രവർത്തകർക്കും ഇന്ന് ചരിത്ര നിമിഷമാണ്. കൂടുതൽ കരുത്തും ആശംസകളും നേരുന്നു.

അതേസമയം വിക്രവാണ്ടിയിൽ നടന്ന തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിൽ ആയിരങ്ങളാണ് അണിനിരന്നത്. ടിവികെയുടെ ഷാള്‍ അണിഞ്ഞാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. ചുവപ്പും മഞ്ഞയും നിറമുള്ള വസ്ത്രങ്ങളാണ് അണികളില്‍ പലരും അണിഞ്ഞിരിക്കുന്നത്. തുടർന്ന് വേദിയിലൊരുക്കിയ മഹാത്മാഗാന്ധി, ബി ആർ അംബേദ്ക്കർ തുടങ്ങിയ മഹാന്മാരുടെ ഫോട്ടോയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

ആയിരങ്ങള്‍ അണിനിരന്ന സമ്മേളനത്തില്‍ തമിഴക വെട്രി കഴകത്തിന്റെ നയങ്ങളും വിജയ് പ്രഖ്യാപിച്ചു. 2026ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പറച്ചിലല്ല, പ്രവൃത്തിയാണ് മുഖ്യമെന്നും വിജയ് വ്യക്തമാക്കി. ജാതി വിവേചനങ്ങളെ എതിര്‍ക്കണമെന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ടിവികെ പ്രവര്‍ത്തകരോടായി ആവശ്യപ്പെട്ടു. 'പോരാട്ടം തുടരും. ഭയമില്ലാതെ ധീരമായി മുന്നോട്ട് പോകും. ടിവികെ പ്രവര്‍ത്തകര്‍ വിവേകമുള്ളവരാകണം. ജാതി വിവേചനങ്ങള്‍ എതിര്‍ക്കണം. നമ്മള്‍ മാത്രമാണ് ശരിയെന്ന് കരുതരുത്. ജനങ്ങള്‍ക്ക് വേണ്ടി നാം പ്രവര്‍ത്തിക്കണം. ജനങ്ങള്‍ക്കായി എന്ത് ചെയ്യണം എന്ന തോന്നലില്‍ നിന്നാണ് രാഷ്ട്രീയ വഴി തിരഞ്ഞെടുത്തത്. ഓരോ കാല്‍വയ്പും കൃത്യമായിരിക്കും. രാഷ്ട്രീയ നിലപാട് പ്രധാനമാണ്. അപ്പോള്‍ ശത്രുക്കള്‍ ആരെന്നറിയാം. നമ്മുടെ ജയം തീരുമാനിക്കുന്നത് ശത്രുക്കളാണ്', അദ്ദേഹം പറഞ്ഞു.

Content Highlight: Udhayanidhi Stalin shares wishes to actor Vijay on his political debut

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us