ചെന്നൈ: നടൻ വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ രംഗത്ത്. നടന്റെ പുതിയ പാർട്ടിയായ ടിവികെയുടെ സമ്മേളനത്തിൽ വെച്ച് ഡിഎംകെയെ വിമർശിച്ചതിന് പിന്നാലെയാണ് വിമർശനം.
വിജയ്‌യുടെ പാർട്ടി ബിജെപിയുടെ സി ടീം ആണെന്ന് വിമർശിച്ചുകൊണ്ട് തമിഴ്നാട് നിയമമന്ത്രി രഘുപതി ആണ് രംഗത്തുവന്നത്. തമിഴക വെട്രി കഴകത്തിന്റെ സമ്മേളനം വെറുമൊരു സിനിമാ പരിപാടിയായെ കാണുന്നുള്ളു. സമ്മേനളനത്തിൽ ആൾക്കൂട്ടം കുറവായിരുന്നുവെന്നും ഇതിലും വലിയ ആൾകൂട്ടമുള്ള സമ്മേളനങ്ങൾ ഡിഎംകെ നടത്തിയിട്ടുണ്ടെന്നും രഘുപതി പറഞ്ഞു.
അണ്ണാ ഡിഎംകെയുടെ വോട്ടുകൾ ഭിന്നിപ്പിക്കാൻ വിജയ്ക്ക് കഴിഞ്ഞേക്കുമെന്നും, വിജയ് ഇനിയും ശരിക്കും നയം പ്രഖ്യാപിച്ചിട്ടില്ലെന്നുമായിരുന്നു ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവന്റെ പ്രതികരണം. അതേസമയം, വിജയ്‌യെ പ്രകീർത്തിച്ച് തമിഴ്‌നാട്ടിലെ എൻഡിഎ ഘടകകക്ഷികൾ രംഗത്തുവന്നു. ടിവികെയുടേത് ഗംഭീര തുടക്കമെന്ന് പുതിയ തമിഴകം പാർട്ടിയും ഇന്ത്യ ജനനായക കക്ഷിയും അഭിപ്രായപ്പെട്ടു .
വിജയ്‌യുടെ പുതിയ പാർട്ടിയ്ക്ക് നിരവധി പ്രമുഖരാണ് ആശംസകളുമായി രംഗത്തുവന്നത്. സൂര്യയും ജയം രവിയും വസന്ത് രവിയും വെങ്കട്ട് പ്രഭുവും അടക്കമുള്ള താരങ്ങൾ വിജയ്ക്ക് ആശംസകളുമായി രംഗത്തെത്തി. ഇതിനിടെ ടിവികെയുടെ മുഖ്യ എതിരാളിയായ ഡിഎംകെയുടെ ഉദയനിധി സ്റ്റാലിനും അഭിപ്രായങ്ങളുമായി രംഗത്തുവന്നിരുന്നു. വിജയ് തന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണെന്നും ആശംസകൾ നേരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. രാഷ്ട്രീയത്തിനാവശ്യം ജനസേവനമാണെന്നും ഉദയനിധി സ്റ്റാലിൻ കൂട്ടിച്ചേർത്തു.
Content Highlights: DMK against Actor Vijay