പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതെന്ന് എഐഡിഎംകെ;വോട്ട് വിഭജനത്തിന് സഹായിക്കുമെന്ന് ബിജെപി,ടിവികെയ്ക്ക് പരിഹാസം

തങ്ങള്‍ നേരത്തെ പറഞ്ഞതും പിന്തുടരുന്നതുമായ കാര്യങ്ങളാണ് വിജയ് പറഞ്ഞതെന്ന് ഡിഎംകെ നേതാവ്

dot image

ചെന്നൈ: നടന്‍ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ ആദ്യ സമ്മേളനത്തിന് പിന്നാലെ ഭരണപക്ഷമായ ദ്രാവിഡ മുന്നേറ്റ കഴക(ഡിഎംകെ)വും പ്രതിപക്ഷ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴക(എഐഎഡിഎംകെ)വും വിമര്‍ശനവുമായി രംഗത്ത്. എല്ലാ പാര്‍ട്ടികളുടെയും സമ്മിശ്ര രൂപമാണ് ടിവികെയുടെ നയമെന്ന് എഐഎഡിഎംകെ വക്താവ് കോവൈ സത്യന്‍ പ്രതികരിച്ചു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയത് പോലെയാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടിവികെ തങ്ങളുടെ പാര്‍ട്ടി നയങ്ങള്‍ പകര്‍ത്തുകയാണ് ചെയ്തതെന്ന് ഡിഎംകെ നേതാവ് ടി കെ എസ് ഇളങ്കോവന്‍ പറഞ്ഞു. തങ്ങള്‍ നേരത്തെ പറഞ്ഞതും പിന്തുടരുന്നതുമായ കാര്യങ്ങളാണ് വിജയ് പറഞ്ഞതെന്നും അദ്ദേഹം സൂചിപ്പിച്ചു.

' ഇത് ആദ്യത്തെ സമ്മേളനമല്ലേ, നമുക്ക് നോക്കാം. ഞങ്ങള്‍ ഒരുപാട് പാര്‍ട്ടികളെ കണ്ടിട്ടുണ്ട്. ഡിഎംകെ നേതാക്കള്‍ ജനങ്ങള്‍ക്ക് വേണ്ടി പോരാടി ജയിലില്‍ പോയിട്ടുണ്ട്. നിരവധി തിരഞ്ഞെടുപ്പുകളില്‍ ഞങ്ങള്‍ തോറ്റിട്ടുണ്ടെങ്കിലും ശക്തമായി തന്നെ മുന്നോട്ട് പോകുകയാണ്. ജനങ്ങളുടെ വിഷയത്തില്‍ പോരാടിയാണ് ഡിഎംകെ കെട്ടിപ്പൊക്കിയത്. രാഷ്ട്രീയത്തില്‍ പ്രവേശിച്ചയുടനെ 2026ല്‍ അധികാരത്തില്‍ വരാനാണ് വിജയ്‌യുടെ പാര്‍ട്ടിയുടെ ആഗ്രഹം. ഡിഎംകെ നേതാക്കളെ പോലെ ജനങ്ങള്‍ക്ക് വേണ്ടി പോരാടാനോ ജയിലില്‍ പോകാനോ ടിവികെ നേതാക്കള്‍ക്ക് കഴിയില്ല. ഇതാണ് ഡിഎംകെയും മറ്റ് പാര്‍ട്ടിയും തമ്മിലെ വ്യത്യാസം', ഇളങ്കോവന്‍ പറഞ്ഞു.

എന്നാല്‍ ടിവികെയ്ക്ക് ദ്രവീഡിയന്‍ പാര്‍ട്ടികളുടെ വോട്ട് മാത്രമേ വിഭജിക്കാന്‍ സാധിക്കുകയുള്ളുവെന്നും അത് ഡിഎംകെയെ ദുര്‍ബലമാക്കുമെന്നും ബിജെപി നേതാവ് എച്ച് രാജ അഭിപ്രായപ്പെട്ടു. ദ്രാവിഡ രാഷ്ട്രീയം പറഞ്ഞ് അവരുടെ വോട്ട് വിഭജിക്കാന്‍ വിജയ് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: Political parties against Actor Vijay s TVK party

dot image
To advertise here,contact us
dot image