ഹൈദരാബാദ്: തെലങ്കാനയിൽ ജാതി സര്‍വേ നവംബറിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പൊന്നം പ്രഭാകർ. നവംബർ 4-5 തീയതികളിലായിരിക്കും ജാതി സര്‍വേ ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ജാതി സര്‍വേക്കുള്ള മാതൃക മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി സര്‍വേ നടപ്പാക്കുന്നതോടെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണ് നടപ്പിലാക്കപ്പെടുന്നത്.
80,000 സർക്കാർ ജീവനക്കാരെ ഇതിനായി തയ്യാറാക്കുമെന്നും ഇവർക്ക് വ്യക്തമായ ട്രെയിനിങ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. വ്യക്തികളുടെ പൊതുവിവരങ്ങളായിരിക്കും ശേഖരിക്കുക. നേരത്തെ സംസ്ഥാനത്ത് ജാതി സര്‍വേ നടപ്പിലാക്കാനുള്ള ഉത്തരവ് തെലങ്കാന സർക്കാർ പുറത്തിറക്കിയിരുന്നു.
ഇതോടെ രാജ്യത്തെ ജാതി സെൻസസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകും തെലങ്കാന. വീടുകൾതോറും കയറിയുള്ള സെൻസസാണ് നടത്തേണ്ടതെന്ന് ചീഫ് സെക്രട്ടറി ശാന്തി കുമാരി വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ നിർദേശിച്ചു.
Content Highlight: Telengana to conduct caste census; will end by november 30th