നോയ്ഡ: ബോളിവുഡ് നടന് സല്മാന് ഖാനും കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ മകന് സീഷന്‍ സിദ്ദിഖിക്കി എംഎല്‍എയ്ക്കുമെതിരെ വധഭീഷണി നടത്തിയ പ്രതിയെ പിടികൂടി. 20 കാരനായ ഗുര്ഫാന് ഖാനെയാണ് നോയിഡയില്‍ വെച്ച് മുംബൈ പൊലീസ് പിടികൂടിയത്. ഗുര്ഫാന് ഖാനെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തു.
വെള്ളിയാഴ്ചയാണ് സീഷന്‍ സിദ്ദിഖിയുടെ ബാന്ദ്രയിലെ ഓഫീസിലേക്ക് ഇരുവര്‍ക്കുമെതിരെ ഭീഷണി വന്നത്. മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ വധിക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് എംഎല്‍എ ഓഫീസിലെ ജീവനക്കാരന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുര്ഫാന് ഖാനെ കസ്റ്റഡിയിലെടുത്തത്.
നേരത്തെ അഞ്ച് കോടി മോചനദ്രവ്യം ആവശ്യപ്പെട്ട് വധഭീഷണി നടത്തിയ ഷെയ്ഖ് ഹുസൈന് ഷെയ്ഖ് മൗസിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജംഷദ്പുരിലെ പച്ചക്കറി കച്ചവടക്കാരാനായ ഷെയ്ഖ് മുംബൈ ട്രാഫിക് പൊലീസ് വാട്സ്ആപ് ഹെല്പ്ലൈന് വഴിയാണ് വധഭീഷണി നടത്തിയത്.
അതേസമയം ലോറന്‍സ് ബിഷ്ണോയ് സംഘത്തില്‍ നിന്നും സല്മാന് ഖാന് നേരത്തെ വധ ഭീഷണി വന്നിരുന്നു. അഞ്ച് കോടി രൂപ നല്‍കണമെന്നും അല്ലെങ്കില്‍ സല്മാന് ഖാന്റെ സ്ഥിതി ബാബാ സിദ്ദിഖിയുടേതിനേക്കാള്‍ മോശമാകുമെന്നായിരുന്നു ഭീഷണി. ഭീഷണിയെത്തുടര്‍ന്ന് സല്മാന് ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
Content Highlights: 20 year old man arrested for death threat against Salman Khan and Baba Siddique son