ഹരിയാന തിരഞ്ഞെടുപ്പിൽ അട്ടിമറിയില്ല; കോൺ​ഗ്രസിന്റെ വാദങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയ്ക്ക് അയച്ച കത്തിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാമർ‍ശം

dot image

ന്യൂഡൽഹി: ഹരിയാന തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന കോൺ​ഗ്രസിന്റെ വാദം അടിസ്ഥാനരഹിതമെന്ന് തിര‍ഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും ജനാധിപത്യപരമായും കോൺ​ഗ്രസ് സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിലുമാണ് പൂർത്തിയാക്കിയിരിക്കുന്നതെന്നും തിര‍ഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തിര‍ഞ്ഞെടുപ്പിന് ശേഷമുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും തിര‍ഞ്ഞെടുപ്പ് കമ്മീഷൻ കോൺ​ഗ്രസിന് നിർദ്ദേശം നൽകി. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയ്ക്ക് അയച്ച കത്തിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാമർ‍ശം.

തിരഞ്ഞെടുപ്പിന്റെ സമ​ഗ്രത നിലനിർത്തേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. തിരഞ്ഞെടുപ്പിന്റെ ഏതെങ്കിലും ഘട്ടത്തിൽ കൃത്യമായ തെളിവുകളില്ലാതെ അട്ടമിറി ആരോപണം ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നതിന് ഇടയാക്കും. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് രാജ്യത്ത് വിവിധ പ്രശ്നങ്ങൾക്ക് വഴിവെയ്ക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.

കൃത്രിമം നടന്നില്ലെന്ന് വ്യക്തമാക്കി അടുത്ത ഓരോ ഘട്ടത്തിലേക്കും കടക്കാനുള്ള സ്ഥാനാർത്ഥിയുടെ സമ്മതം ഓരോ ഘട്ടത്തിലും കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പുവരുത്തുന്നുണ്ട്. ഒരു ദേശീയ പാർട്ടിയിൽ നിന്നും പ്രതീക്ഷിക്കാത്ത കാര്യമാണ് കോൺ​ഗ്രസ് ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷൻ വാദങ്ങൾ കൂടുതൽ ജാഗ്രതയോടെ ഉന്നയിക്കണമെന്നും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തോൽവി അം​ഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കോൺ​ഗ്രസിന്റെ മുതിർന്ന നേതാക്കൾ രംഗത്തെത്തിയിരുന്നു.

വോട്ടിങ് മെഷീൻ്റെ ബാറ്ററി അടക്കം മാറ്റിയതിലും വോട്ടെണ്ണൽ വൈകിയതിലും സംശയങ്ങളുണ്ടെന്നും കോൺ​ഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഹരിയാനയിലെ ജനവിധിയല്ല ഇതെന്നും നേതാക്കൾ ആരോപിച്ചിരുന്നു.

90 സീറ്റിൽ 48 സീറ്റുകൾ നേടിയായിരുന്നു ഇത്തവണ ബിജെപിയുടെ വിജയം. കോൺ​ഗ്രസ് 36 സീറ്റുകളാണ് നേടിയത്. ഹരിയാനയിൽ കോൺ​ഗ്രസ് വിജയിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ ഉൾപ്പെടെ പ്രവചിച്ചിരുന്നത്. എന്നാൽ ഇതിനെ തള്ളിയായിരുന്നു ബിജെപിയുടെ വിജയം.

Content Highlight: EC rejects Congress allegations on Haryana polls: ‘Frivolous, unfounded doubts’

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us