മുംബൈ: വിമാനങ്ങളിലെ വ്യാജ ബോംബ് ഭീഷണിക്ക് പിന്നിലുള്ള ഒരാളെ കൂടി മഹാരാഷ്ട്ര പൊലീസ് തിരിച്ചറിഞ്ഞു. 2021ല്‍ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട, തീവ്രവാദത്തെക്കുറിച്ച് പുസ്തകം രചിച്ച ജഗ്ദീഷ് ഉയ്‌കേയും ബോംബ് ഭീഷണികള്‍ക്ക് പിന്നിലുണ്ടെന്ന് നാഗ്പൂര്‍ സിറ്റി പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചാണ് കണ്ടെത്തിയിരിക്കുന്നത്.
ഈമെയില്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഭീഷണിക്ക് പിന്നില്‍ ജഗ്ദീഷാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയെന്ന് പൊലീസ് പറയുന്നു. ഡെപ്യൂട്ടി കമ്മീഷണര്‍ ശ്വേത ഖേദ്കറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് ജഗ്ദീഷാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസ്, റെയില്‍വേ മന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, ഡെപ്യൂട്ടി മുഖ്യമന്ത്രി, എയര്‍ലൈന്‍ ഓഫീസര്‍മാര്‍, ഡിജിപി, റെയില്‍വേ സംരക്ഷണ സേന എന്നിവര്‍ക്ക് ജഗ്ദീഷ് ഭീഷണി സന്ദേശം അയച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. തനിക്ക് അറിയാവുന്ന തീവ്രവാദത്തിന്റെ രഹസ്യ കോഡുകള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍ പ്രതിഷേധമുണ്ടാകുമെന്ന് അറിയിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് സന്ദേശമയച്ചിരുന്നു. തീവ്രവാദ ഭീഷണിയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ചര്‍ച്ച നടത്താന്‍ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
തുടര്‍ന്ന് ഫഡ്‌നാവിസിന്റെ വീടിന് മുന്നില്‍ വലിയ സുരക്ഷ പൊലീസ് ഒരുക്കിയിരുന്നു. ഒക്ടോബര്‍ 21നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് ഭീഷണി സന്ദേശമെത്തിയത്. ഇതേ ഇമെയില്‍ ഡിജിപിക്കും ആര്‍പിഎഫിനും അയച്ചിരുന്നു. കഴിഞ്ഞ ദിവസം വരെ ഏകദേശം 410 ആഭ്യന്തര അന്താരാഷ്ട്ര വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണിയുണ്ടായത്. പല ഭീഷണിയും സമൂഹമാധ്യമം വഴിയാണ് പ്രചരിച്ചത്.
Content Highlights: Police identified Accused behind Bomb Threats in flights