പാൽഘറിൽ മത്സരിക്കാൻ അനുവദിച്ചില്ല; മനംനൊന്ത് ഒളിവിൽപോയി ശിവസേന ഷിൻഡെവിഭാ​ഗം എംഎൽഎ; തിരച്ചിൽ ഊർജിതം

കഴിഞ്ഞ പതിനഞ്ച് മണിക്കൂറിലേറെയായി ഒളിവിലാണ് എംഎൽഎ

dot image

മുംബൈ: മഹാരാഷ്ട്ര അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നിഷേധിച്ചതിന് പിന്നാലെ ഒളിവിൽ പോയ ശിവസേന എംഎൽഎക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പൊലീസ്. പാൽഘറിൽ നിന്നുള്ള ഷിൻഡെ വിഭാ​ഗം എംഎൽഎ ശ്രീനിവാസ് വാങ്കയാണ് ഒളിവിൽ പോയത്. ഫോൺ സ്വിച്ച് ഓഫ് ആക്കിയതിനാൽ എംഎൽയുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് കുടുംബം പറഞ്ഞു. സംഭവത്തിൽ വാങ്കയുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ പതിനഞ്ച് മണിക്കൂറിലേറെയായി എംഎൽഎ ഒളിവിലാണ്.

പാൽഘറിൽ നിന്നും ശിവസേന സ്ഥാനാർത്ഥിയായി മുൻ എംപി രാജേന്ദ്ര ​ഗവീറിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പാർട്ടി പുറത്തുവിട്ടതിന് പിന്നാലെയാണ് ശ്രീനിവാസ് വാങ്കയെ കാണാതാകുന്നത്. സിറ്റിങ് എംഎൽഎയായ തന്നെ തള്ളി ​ഗവീറിനെ നിർദ്ദേശിച്ചതിൽ വാങ്ക നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. വാർത്താ സമ്മേളനത്തിനിടെ ശിവസേന താക്കറെ വിഭാ​ഗത്തിൽ നിന്നും വിട്ടുനിന്നതിൽ ഖേദമുണ്ടെന്നും വാങ്ക പറ‍ഞ്ഞിരുന്നു.

സത്യസന്ധരായ പ്രവർത്തകരെ സംരക്ഷിക്കുമെന്നും അവരുടെ ആവശ്യങ്ങൾ നിറവേറ്റുമെന്നും ഷിൻഡെ നേരത്തെ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പാണ് ഷിൻഡെ തകർത്തതെന്നും വാങ്ക ആരോപിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഏക്നാഥ് ഷിൻഡെ വിമത നീക്കം നടത്തിയപ്പോൾ വിമത എംഎൽഎമാരെ സൂറത്തിലേക്ക് മാറ്റുന്നതിന് വേണ്ട ഒരുക്കങ്ങൾ നടത്തുന്നതിൽ മുൻപന്തിയിലായിരുന്നു വാങ്ക. പിതാവും എംപിയുമായ ചിന്താമൻ വാങ്കയുടെ മരണത്തിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രീനിവാസ് വാങ്ക താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അന്ന് ​ഗവീറിനെ മത്സരിപ്പിക്കണമെന്ന പാർട്ടി നിർദ്ദേശത്തിന് പിന്നാലെ വാങ്ക പിന്മാറുകയായിരുന്നു. ഇതിന് പ്രതിഫലമായാണ് പാൽഘർ അസംബ്ലി തിരഞ്ഞെടുപ്പിൽ വാങ്കയ്ക്ക് പാർട്ടി ടിക്കറ്റ് നൽകിയത്.

നവംബർ 20നാണ് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടക്കുക. 288 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. നവംബർ 23നാണ് ഫലപ്രഖ്യാപനം.

Content Highlight: Shiv Sena MLA Shrinivas Vanga, 'Upset' Over Palghar Ticket Denial, Goes Missing; Search On

dot image
To advertise here,contact us
dot image