'തർക്കമില്ല, ചെറിയൊരു തെറ്റിദ്ധാരണ മാത്രം'; മഹാ വികാസ് അഘാടിയിൽ കുഴപ്പങ്ങളില്ലെന്ന് ചെന്നിത്തല

'ഞങ്ങളുടെ സഖ്യത്തിൽ തെറ്റിദ്ധാരണകൾ മാത്രമേയുള്ളൂ, പക്ഷെ അവിടെ (മഹായുതി) സഖ്യകക്ഷികളുടെ സീറ്റുകൾ പിടിച്ചെടുക്കാൻ പരസ്പരം അടിയാണ്'

dot image

മുംബൈ: മഹാ വികാസ് അഘാടി സഖ്യകക്ഷികൾക്കിടയിൽ യാതൊരു തർക്കങ്ങളുമില്ലെന്ന് മഹാരാഷ്ട്ര കോൺഗ്രസിന്റെ ചുമതല വഹിക്കുന്ന, എഐസിസി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ആകെ ഉണ്ടായിരുന്നത് ചെറിയ തെറ്റിദ്ധാരണകളാണെന്നും അവ പരിഹരിച്ച് കൃത്യമായി മുന്നോട്ടുപോകാനായെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

സഖ്യത്തിൽ പ്രശ്നങ്ങളില്ല എന്ന് തറപ്പിച്ചുപറഞ്ഞ ചെന്നിത്തല മഹായുതി സഖ്യത്തെ വിമർശിക്കുകയും ചെയ്തു. 'ഞങ്ങളുടെ സഖ്യത്തിൽ ആശയക്കുഴപ്പങ്ങൾ മാത്രമേയുള്ളൂ, പക്ഷെ അവിടെ (മഹായുതി) സഖ്യകക്ഷികളുടെ സീറ്റുകൾ പിടിച്ചെടുക്കാൻ പരസ്പരം അടിയാണ്. ബിജെപി മാത്രമേ അവിടെ ജീവനോടെയുള്ളൂ. ഷിൻഡെയുടെയും അജിത് പവാറിന്റെയുമെല്ലാം കഥ കഴിഞ്ഞു', ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് എല്ലാവർക്കും തുല്യമായ പരിഗണനയാണ് നൽകുന്നതെന്നും സഖ്യം ഒറ്റക്കെട്ടാണെന്നും ചെന്നിത്തല പറഞ്ഞു. തങ്ങൾ പൂർണമായും തയ്യാറാണെന്നും ഈ നിമിഷം വേണമെങ്കിൽ തിരഞ്ഞെപ്പിനെ നേരിടാമെന്നുമായിരുന്നു മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോലയുടെ പ്രതികരണം.

നിരവധി തർക്കങ്ങൾക്കും വിട്ടുവീഴ്ചകൾക്കും ഒടുവിലാണ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂർത്തിയാക്കി മഹാ വികാസ് അഘാടി സഖ്യം പൂർത്തിയാക്കിയത്. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനമായ ഇന്നലെ വൈകിയും നടന്ന ചർച്ചയിലായിരുന്നു തീരുമാനം ഉണ്ടായത്. സഖ്യത്തിൽ കോൺഗ്രസ് 101 സീറ്റുകളിലാണ് മത്സരിക്കുക. ഉദ്ധവ് താക്കറെ ശിവസേന 96 സീറ്റുകളിലും, ശരദ് പവാർ എൻസിപി 87 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. മുൻ വർഷത്തെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ ഇടിവാണ് കോൺഗ്രസ് സീറ്റുകളിൽ ഉണ്ടായിരിക്കുന്നത്.

വിജയസാധ്യതയുള്ള സീറ്റുകളിൽ പാർട്ടികൾ പരസ്പരം അവകാശവാദമുന്നയിച്ചതായിരുന്നു തർക്കങ്ങൾക്ക് കാരണം. കോൺഗ്രസിന്റെ ശക്തിമേഖലകളിൽ ശിവസേനയും എൻസിപിയും അവകാശവാദമുന്നയിച്ചതും ചർച്ചകളെ വഴിമുട്ടിച്ച ഘടകമായി. ഇതോടെയാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട ആവസാന തീയതി വരെ ചർച്ച നീണ്ടത്. ചർച്ചകൾക്ക് ശേഷം ബാക്കിവന്ന സീറ്റുകൾ ചെറുപാർട്ടികൾക്ക് നൽകാനാണ് സഖ്യത്തിന്റെ തീരുമാനം.

Content Highlights: Ramesh Chennithala assures no fight at Maha Vikas Aghadi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us