ലഖ്നൗ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ മാധ്യമപ്രവർത്തകനെ വീട്ടിൽ അതിക്രമിച്ചുകയറി കുത്തിക്കൊന്നു. എഎൻഐ ലേഖകനായ ദിലീപ് സെയ്നി(38)യാണ് കൊല്ലപ്പെട്ടത്. ദിലീപ് സെയ്നിയുടെ സുഹൃത്തായ ബിജെപി പ്രവർത്തകൻ ഷാഹിദ് ഖാന് പരിക്കേൽക്കുകയും ചെയ്തു.
സെയ്നിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഷാഹിദിന് പരിക്കേറ്റത്. ഇയാളെ കാൺപൂരിലെ ഹാലെറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ബിജെപിയുടെ ന്യൂനപക്ഷ വിഭാഗം നേതാവാണ് ഷാഹിദ് ഖാൻ. അക്രമികളെ സെയ്നിക്ക് മുൻപരിചയമുണ്ടെന്നും അവരുമായുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നതിങ്ങനെ, ബിസൗലി നിവാസിയായ ദിലീപ് ബുധനാഴ്ച രാത്രി സുഹൃത്ത് ഷാഹിദിനൊപ്പം വീട്ടിലിരിക്കുകയായിരുന്നു. 16 ലധികം പേർ അദ്ദേഹത്തിൻ്റെ വസതിയിൽ അതിക്രമിച്ചുകയറി. രണ്ട് പേരെയും അക്രമികൾ കത്തി ഉപയോഗിച്ച് കുത്തി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഫത്തേപൂരിലെയും ലഖ്‌നൗവിലെയും നഗരങ്ങളിൽ വസ്തു വ്യാപാരത്തിൽ സജീവമായിരുന്നു ദിലീപ് സെയ്നി. മാധ്യമപ്രവർത്തകൻ്റെ വസതിക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അക്രമികൾ തകർത്തു. സ്വത്ത് തർക്കവുമായി ആക്രമണത്തിന് ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
content highlights: ANI Journalist Dilip Saini Stabbed To Death Over Property Dispute In UP's Fatehpur