'അര്‍ബന്‍ നക്‌സല്‍ വാദത്തിന്റെ പുതിയ മുഖമാണ് പ്രതിപക്ഷത്തില്‍ കാണുന്നത്': ഏകതാ ദിനത്തിൽ പ്രധാനമന്ത്രി

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഏക സിവിൽ കോഡ്, പ്രതിപക്ഷ വിമർശനം; ഏകതാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

dot image

ഗാന്ധിനഗര്‍: ദേശീയ ഏകതാ ദിനത്തില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംവിധാനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഏകതാ ദിനത്തിന്റെ ഭാഗമായി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 149ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ പ്രതിമയ്ക്ക് പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. എല്ലാവര്‍ഷവും പട്ടേലിന്റെ ജന്മ ദിനം ആഘോഷത്തിന്റെ ഭാഗമായാണ് ഒക്ടോബര്‍ 31 ഏകതാദിനമായി ആചരിക്കുന്നത്.

Prime Minister Narendra Modi on national unity day
ഏകതാ ദിന പരിപാടി

'ദേശീയ ഏകതാ ദിനം രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദേശം നല്‍കുന്ന ദിവസമാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംവിധാനം അനിവാര്യമാണ്. ഒരു രാജ്യം എന്ന നിലയില്‍ ഒരു സിവില്‍ കോഡും അനിവാര്യമാണ്. ജനവിഭാഗങ്ങള്‍ക്കിടയിലെ ഭിന്നത ഇല്ലാതാക്കാന്‍ ഏകീകൃത സിവില്‍ കോഡ് ആവശ്യമാണ്', അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റെ സമാധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭീകരര്‍ക്ക് ശക്തമായി തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഭീകരതയ്‌ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നിലപാടിന്റെ ഭാഗമായി മുഖ്യധാരയിലേക്ക് വരാന്‍ വിവിധ വിഭാഗങ്ങള്‍ തയ്യാറായെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയെ തുടച്ചുനീക്കുമെന്നും നക്‌സല്‍ പ്രസ്ഥാനം രാജ്യത്ത് അന്ത്യശ്വാസം വലിച്ചു കഴിഞ്ഞെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാജ്യത്തിന് കാഴ്ചപ്പാട്, നിലപാട്, ദൃഢത മുതലായവയുണ്ട്. ഏതു വെല്ലുവിളികളെയും നേരിട്ട് വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കും. യുദ്ധഭീതിയില്‍ ബുദ്ധ സന്ദേശം രാജ്യം ലോകത്ത് പ്രചരിപ്പിക്കാന്‍ നേതൃത്വം നല്‍കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഒരു വിഭാഗം രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ശ്രമിക്കുന്നെന്നും അദ്ദേഹം വിമര്‍ശിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാണ് ഈ വിഭാഗത്തിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന വിധത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നെന്നും പ്രതിപക്ഷത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു.

'അര്‍ബന്‍ നക്‌സല്‍ വാദത്തിന്റെ പുതിയ മുഖമാണ് പ്രതിപക്ഷത്തില്‍ കാണുന്നത്. രാജ്യത്തിന്റെ സംവിധാനങ്ങളെ ചോദ്യം ചെയ്യുന്നു. അധികാരത്തിനുവേണ്ടി രാജ്യത്തിന്റെ ഏകതയെ ചിന്നഭിന്നമാക്കുകയാണ് അവരുടെ ലക്ഷ്യം. ഇതിനായി എല്ലായിടങ്ങളിലും തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നു', പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Content Highlights: PM Narendra Modi speech in Unity Day attack opposition party

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us