ന്യൂഡല്‍ഹി: പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ രോഹിത് ബല്‍ അന്തരിച്ചു. 63 വയസായിരുന്നു. ഡല്‍ഹിയിലെ ആശ്ലോക് ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബുധനാഴ്ചയാണ് രോഹിത് ബലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1986ലാണ് രോഹിത് ബൽ ഫാഷന്‍ ലോകത്തേയ്ക്ക് കടന്നുവന്നത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഫാഷൻ മേഖലയിൽ രോഹിത് ബൽ
തന്റേതായ മുദ്രപതിപ്പിച്ചു. അദ്ദേഹത്തിന്റെ ഡിസൈനുകളില്‍ പലപ്പോഴും പ്രകൃതിയുടെ സാന്നിധ്യം നിറഞ്ഞു നിന്നിരുന്നു. താമരയുടേയും മയിലിന്റേയും രൂപങ്ങൾ ഉപയോഗിച്ചുള്ള ഡിസൈനുകളിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. രോഹിത് ബലിന്റെ ഡിസൈനുകള്‍ ഇന്ത്യയുടെ സംസ്‌കാരത്തോടും ചരിത്രത്തോടും ചേർന്ന് നിന്നിരുന്നു.
2006ല്‍ ഇന്ത്യന്‍ ഫാഷൻ അവാര്‍ഡ്‌സിൽ 'ഡിസൈനര്‍ ഓഫ് ദ ഇയര്‍ ' പുരസ്‌കാരം രോഹിത് നേടിയിരുന്നു. 2012 ല്‍ ലാക്‌മെ ഗ്രാന്‍ഡ് ഫിനാലെ ഡിസൈനര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അദ്ദേഹത്തിൻ്റെ അവസാനത്തെ ഷോ ആയിരുന്നു കഴിഞ്ഞ മാസം ലാക്‌മെ ഫാഷന്‍ വീക്കിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ 'കായ്‌നാത് എ ബ്ലൂം ഇന്‍ ദ യൂണിവേഴ്‌സ്' എന്ന തീമില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ ലക്ഷ്വറി ഫാഷനെ അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നതിൽ ബൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
Content Highlights: Indain Designer Rohit Bal Passes away