ന്യൂഡൽഹി: പോപ്പ് താരം സെലീന ഗോമസുമായി ഒരു ഇന്ത്യക്കാരൻ സംസാരിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നു. ഇൻസ്റ്റഗ്രാം ഉപയോക്താവായ പല്ലവ് പലിവാളാണ് വീഡിയോ പങ്കുവെച്ചത്. സെലീന ഗോമസിനോട് ആരാധകൻ 'ജയ് ശ്രീറാം' എന്നുപറയാൻ ആവശ്യപ്പെടുന്നതാണ് വീഡിയോ. സെലീനയെ കണ്ട യുവാവ് സെൽഫി വീഡിയോക്കായി പോസ് ചെയ്യുന്നു. തുടർന്ന് നടിയോട് 'ജയ് ശ്രീറാം' എന്ന് ഉരുവിടാൻ പറയുന്നുണ്ട്. 'ഇന്ത്യയിലെ ബെസ്റ്റ് സ്ലോഗൺ' ആണെന്നും യുവാവ് പറയുന്നുണ്ട്. പുഞ്ചിരിച്ചുകൊണ്ട് ആരാധകനോട് " താങ്ക് യു ഹണി" എന്നാണ് സെലീന മറുപടി നൽകിയത്.
"ഞങ്ങളുടെ അനുയായികളിലൊരാൾ സെലീന ഗോമസിനെ കണ്ടു, അവർ ദീപാവലിയോടനുബന്ധിച്ച് "ജയ് ശ്രീ റാം"പറഞ്ഞു", എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. വീഡിയോയിലെ സെലീനയുടെ ഹെയർസ്റ്റൈൽ, ആഭരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം സൂചിപ്പിക്കുന്നത് കഴിഞ്ഞ വർഷം ഫ്രാൻസിൽ നടന്ന കാൻ ഫിലിം ഫെസ്റ്റിവലിലാണ് സംഭവം നടന്നത് എന്നാണ്. എന്നാൽ ദീപാവലിയോടനുബന്ധിച്ചുള്ളതെന്നാണ് പല്ലവ് പലിവാൾ അവകാശപ്പെടുന്നത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയത്. ഇത് ലജ്ജാകരമാണെന്ന് ഒരാൾ കുറിച്ചപ്പോൾ ''നമ്മുടെ മതത്തിന് അനാവശ്യമായ വിദേശ പിന്തുണ ആവശ്യമില്ല” എന്നാണ് മറ്റൊരാൾ കുറിച്ചത്.
content highlights: Indian man asks Selena Gomez to chant ‘Jai Shree Ram’ in viral video