മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരു സഖ്യങ്ങൾക്കും തലവേദനയായി 'വിമതശല്യം' രൂക്ഷം. ഏകദേശം അമ്പതോളം സ്ഥാനാർത്ഥികളാണ് സ്വന്തം മുന്നണിയെ വെല്ലുവിളിച്ച് ഇത്തരത്തിൽ വിമതരായി രംഗത്തുവന്നിരിക്കുന്നത്.
നാമനിർദേശ പത്രിക പിൻവലിക്കുന്ന ദിവസമായ നവംബർ നാലിന് മുൻപ് ഈ വിമതരെ ഏതെങ്കിലും രീതിയിൽ 'ഒതുക്കാനാ'ണ് ഇരു സഖ്യങ്ങളുടെയും നീക്കം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനതീയതി അവസാനിച്ചപ്പോൾ നിലവിലുളള അമ്പതോളം വിമതരിൽ 36 പേർ നിലവിലെ ഭരണപക്ഷമായ മഹായുതി സഖ്യത്തിൽ നിന്നാണ്. അതിൽത്തന്നെ 19 പേർ ബിജെപിയിൽ നിന്നും, 16 പേർ ഷിൻഡെ ശിവസേനയിൽ നിന്നും, ഒരാൾ അജിത് പവാർ എൻസിപിയിൽ നിന്നുമാണ്. 14 വിമതരാണ് പ്രതിപക്ഷമായ മഹാ വികാസ് അഘാടിയിൽ ഉള്ളത്. ഇതിൽ 10 പേർ കോൺഗ്രസിൽ നിന്നും ബാക്കി ഉദ്ധവ് ശിവസേനയിൽ നിന്നുമാണ്.
വിമതശല്യം രൂക്ഷമായതോടെ എന്ത് ചെയ്യണമെന്ന ആശങ്കയിലും ആശയക്കുഴപ്പത്തിലുമാണ് മുന്നണികൾ. പല മണ്ഡലങ്ങളിലും സഖ്യകക്ഷി നേതാക്കൾക്കെതിരെയും കൂടിയാണ് ഇവർ മത്സരിക്കുന്നത് എന്നതാണ് പാർട്ടികൾക്ക് വലിയ തലവേദനയുണ്ടാക്കുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമായും അമിത് ഷാ നടത്തിയ ചർച്ചയിൽ മഹായുതിക്കുള്ളിലെ വിമതനീക്കം അവസാനിപ്പിക്കണമെന്ന് കർശനമായ നിർദേശമുണ്ടായിരുന്നു. എന്നാൽ നേതാക്കൾ പാർട്ടി നിർദേശത്തിന് വഴങ്ങുന്നില്ല എന്നതാണ് ഇവർ നേരിടുന്ന പ്രതിസന്ധി.
അതേസമയം, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുസഖ്യങ്ങളും സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയിട്ടുണ്ട്. ഒടുവിൽ 'ഡീൽ' ഉറപ്പിക്കുമ്പോൾ മഹായുതി സഖ്യത്തിൽ ബിജെപി 152 സീറ്റുകളിൽ മത്സരിക്കും. സഖ്യകക്ഷികളായ ഏക്നാഥ് ഷിൻഡെയുടെ ശിവസേന 80 സീറ്റുകളിലാണ് മത്സരിക്കുക. അജിത് പവാർ എൻസിപിക്ക് വെറും 52 സീറ്റുകൾ നേടിയെടുക്കാനേ സാധിച്ചുള്ളൂ. മഹാ വികാസ് അഘാടി സഖ്യത്തിൽ കോൺഗ്രസ് 101 സീറ്റുകളിലാണ് മത്സരിക്കുക. ഉദ്ധവ് താക്കറെ ശിവസേന 96 സീറ്റുകളിലും, ശരദ് പവാർ എൻസിപി 87 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. മുൻ വർഷത്തെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ ഇടിവാണ് കോൺഗ്രസ് സീറ്റുകളിൽ ഉണ്ടായിരിക്കുന്നത്.
Content Highlights: rebels headache for maharashtra alliances