തുളസീന്ദ്രപുരത്ത് കമലയുടെ ഫ്ലെക്സ് ഉയർന്നുകഴിഞ്ഞു; ആഘോഷത്തിലാണ് ഈ ഗ്രാമം

കമല തങ്ങളുടെ ഗ്രാമത്തിലെ എല്ലാ സ്ത്രീകൾക്കും മാതൃകയാണെന്നാണ് ഗ്രാമത്തിലെ ഓരോ യുവതികളും പറയുന്നത്

dot image

ചെന്നൈ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബർ അഞ്ചിന് നടക്കാനിരിക്കെ ഇങ്ങ് തമിഴ്‌നാട്ടിൽ ഒരു കൊച്ചുഗ്രാമം ആഹ്ലാദത്തിലും ആഘോഷത്തിലുമാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിയുടെ ചിത്രങ്ങളുള്ള ഫ്‌ളക്‌സും പോസ്റ്ററുകളുമാണ് ഈ ഗ്രാമം നിറയെ.

തിരുവാവൂർ ജില്ലയിലെ തുളസീന്ദ്രപുരം ഗ്രാമത്തിലാണ് ഈ ആഘോഷമുള്ളത്. ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമല ഹാരിസിന്റെ വംശവേരുകൾ ഈ ഗ്രാമത്തിലുള്ളതാണ്, ജനങ്ങൾ ഇത്രയേറെ ആഘോഷിക്കാൻ കാരണം.

കമലയുടെ മുത്തച്ഛൻ പി വി ഗോപാലൻ ഈ ഗ്രാമത്തിലാണ് ജനിച്ചത്. കമലയുടെ അമ്മ ശ്യാമള ഗോപാലൻ പത്തൊമ്പതാം വയസിലാണ് യുഎസിലേക്ക് കുടിയേറിയത്. കമല ജനിച്ചതും യു എസിൽ തന്നെ. അഞ്ച് വയസ്സുള്ളപ്പോൾ ആകെ ഒരു പ്രാവശ്യം ഈ ഗ്രാമത്തിലേക്ക് വന്നതും മുത്തച്ഛനൊപ്പം ചെന്നൈ ബീച്ചിലേക്ക് പോയതും മാത്രമാണ് കമലയുടെ ഓർമയിലുള്ളത്. പിന്നീട് കമല ആകെ വന്നത് അമ്മ ശ്യാമളയുടെ അസ്ഥി നിമഞ്ജനം ചെയ്യാനും. എങ്കിലും ഈ ഗ്രാമത്തിലെ ആളെന്ന പോലെത്തന്നെ കമലയെ ആഘോഷിക്കുകയാണ് തുളസീന്ദ്രപുരത്തെ ജനങ്ങൾ.

തങ്ങൾ ഇതുവരെ കണ്ടിട്ടില്ലെങ്കിലും, ഗ്രാമത്തിന്റെ പേര് അന്താരാഷ്ട്ര തലത്തിലെത്തിച്ച കമലയെക്കുറിച്ച് പറയാൻ ഗ്രാമത്തിലുള്ളവർക്കെല്ലാം നൂറ് നാക്കാണ്. കമല തങ്ങളുടെ ഗ്രാമത്തിലെ എല്ലാ സ്ത്രീകൾക്കും മാതൃകയാണെന്നാണ് ഗ്രാമത്തിലെ ഓരോ യുവതികളും പറയുന്നത്. കമല ജയിക്കുമെന്ന് ഉറപ്പിച്ച് ഗ്രാമത്തിൽ ആഘോഷങ്ങൾ നടത്താനുളള ഒരുക്കങ്ങൾ വരെ ആരംഭിച്ചിട്ടുണ്ടെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. എന്തായാലും കമല വൈസ് പ്രസിഡന്റായപ്പോൾ അന്താരാഷ്ട്ര നിലവാരത്തില്‍ ശ്രദ്ധിക്കപ്പെട്ട ഗ്രാമം, ഇനിയിപ്പോൾ കമല പ്രസിഡന്റാകാനുള്ള കാത്തിരിപ്പിലാണ്.

കമല ഹാരിസ്

അതേസമയം, പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കമലയെ മറികടക്കാൻ അമേരിക്കയിലെ ഹിന്ദു മത വിശ്വാസികളെ കൂട്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ട്രംപ്. ബംഗ്ലാദേശിൽ ഹിന്ദുക്കൾ അക്രമിക്കപ്പെടുന്നുവെന്ന് പറഞ്ഞ ട്രംപ് കമലയ്ക്ക് ഹിന്ദുക്കളോട് അവഗണനയാണെന്ന് കുറ്റപ്പെടുത്തി. താൻ ആയിരുന്നു യുഎസ് പ്രസിഡന്റ് എങ്കിൽ ബംഗ്ലാദേശിൽ ഇങ്ങനെ ആകുമായിരുന്നില്ല എന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ ഈ പ്രസ്താവനെ അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ സംഘടനകൾ സ്വാഗതം ചെയ്തിട്ടുണ്ട്.

Content Highlights: Thulasendrapuram village happy as Kamala is set to contest elections

dot image
To advertise here,contact us
dot image