ഇന്ത്യയെ ശത്രുവാക്കി കാനഡ, ഉപരോധ മുന്നറിയിപ്പുമായി ഇന്ത്യയും; ആ ബന്ധം അവസാനിക്കുന്നുവോ?

ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും പുറമേ ഇന്ത്യക്ക് ശക്തമായ ഉപരോധം തീര്‍ക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തു

dot image

ഒട്ടാവ: ഖലിസ്ഥാന്‍ നേതാവ് നിജ്ജറിന്റെ വധം ഇന്ത്യ-കാനഡ ബന്ധം ഉലച്ചിട്ട് നാള്‍ കുറച്ചായി. അമിത് ഷായെ കാനഡ ഉന്നംവെച്ചതോടെ ഇന്ത്യക്ക് കൊണ്ടു. കനേഡിയന്‍ ഹൈക്കമ്മീഷനെ വിളിച്ച് ഇന്ത്യ പ്രതിഷേധമറിയിച്ചു. അവിടം കൊണ്ടും കഴിഞ്ഞില്ല. അടിസ്ഥാനരഹിതവും അപകീര്‍ത്തിപരവുമായ പ്രസ്താവന നടത്തിയാല്‍ കാനഡയ്‌ക്കെതിരെ ശക്തമായ ഉപരോധമേര്‍പ്പെടുത്തുമെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. ഇന്ത്യയെ ശത്രുരാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കാനഡയും നിലപാട് കടുപ്പിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം അവസാനിക്കാനുള്ള സാധ്യതയേറിയിരിക്കുകയാണ്.

2023 ജൂണ്‍ പത്തിന് ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെടുന്നു. തൊട്ടുപിന്നാലെ ജസ്റ്റിന്‍ ട്രൂഡോയുടെ പ്രതികരണം, നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നായിരുന്നു. അസംബന്ധമെന്ന് ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെ ഇന്ത്യ തള്ളി. എന്നാല്‍ ട്രൂഡോയുടെ പ്രതികരണവും ഇന്ത്യയുടെ മറുപടിയും കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി.

തൊട്ടടുത്ത ദിവസങ്ങളില്‍ നിജ്ജറുടെ കാലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണമെന്ന ആവശ്യവുമായി കാനഡ രംഗത്തെത്തി. സംഭവത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് റോയല്‍ കനേഡിയന്‍ മൗണ്ട്‌സ് പൊലീസും ആരോപിച്ചു. ഇതോടെ സ്ഥാനപതിയുള്‍പ്പെടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചു. ആക്ടിങ് സ്ഥാനപതിയുള്‍പ്പെടെയുള്ളവരെ ഇന്ത്യയില്‍ നിന്ന് തിരിച്ചുവിളിച്ചായിരുന്നു കാനഡയുടെ മറുപടി. തൊട്ടുപിന്നാലെ ഇന്ത്യക്ക് ഉപരോധമേര്‍പ്പെടുത്തുമെന്ന സൂചന നല്‍കി കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളിയും രംഗത്തെത്തി.

ഇതിനിടെയാണ് 'അമിത് ഷാ' വിവാദം ഉയര്‍ന്നുവരുന്നത്. ഖാലിസ്താന്‍ വിഘടനവാദികളെ കാനഡയുടെ മണ്ണില്‍ വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ അമിത് ഷായാണെന്നായിരുന്നു കാനഡയുടെ പുതിയ ആരോപണം. യുഎസ് ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റായിരുന്നു ഈ ആരോപണം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ പത്രത്തിന് വിവരം നല്‍കിയത് താനാണെന്ന് തുറന്നുപറഞ്ഞ് കനേഡിയന്‍ വിദേശകാര്യമന്ത്രി ഡേവിഡ് മോറിസണ്‍ രംഗത്തെത്തി. ഇതോടെ വിഷയം കൂടുതല്‍ ആളിക്കത്തി.

ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും പുറമേ ഇന്ത്യക്ക് ശക്തമായ ഉപരോധം തീര്‍ക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തു. ഒടുവിലായി ഇന്ത്യയെ സൈബര്‍ എതിരാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് നിജ്ജര്‍ വിഷയത്തില്‍ കാനഡ ശക്തമായ മറുപടി നല്‍കിയത്. ഇതോടെ ഇന്ത്യയുടെ സര്‍വ്വ ക്ഷമയും കെട്ടു. കനേഡിയന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി അമിത് ഷാ വിഷയത്തിലടക്കം ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചു. നില തുടര്‍ന്നാല്‍ ശക്തമായ ഉപരോധമേര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പിലൂടെ കാനഡയുമായുള്ള ബന്ധം വഷളായാലും വിഷയമില്ലെന്ന സൂചനയാണ് ഇന്ത്യ നല്‍കുന്നത്. ഇന്ത്യ കാനഡയ്ക്കും, കാനഡ തിരിച്ചും ഉപരോധമേര്‍പ്പെടുത്തി ബന്ധം അവസാനിപ്പിച്ചാല്‍ അത് രണ്ട് രാജ്യങ്ങളെ മാത്രം ബാധിക്കുന്ന വിഷയമായി അവസാനിക്കില്ലെന്നതാണ് മറ്റൊരു വസ്തുത.

Content Highlights- what next happen to india canada relation over nijjar death controversy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us