14-കാരന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത് ബാറ്ററികൾ, ചെയ്നുകൾ തുടങ്ങി 65 ഓളം സാധനങ്ങൾ;ശസ്ത്രക്രിയക്കൊടുവില്‍ മരണം

അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ യുപിയിലെ ഹത്രാസ് സ്വദേശിയായ 14 വയസുകാരൻ ആദിത്യ ശർമ മരണത്തിന് കീഴടങ്ങി

dot image

ന്യൂഡല്‍ഹി: ശസ്ത്രക്രിയയ്ക്കിടെ പതിനാലുകാരന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത് 65-ഓളം സാധനങ്ങൾ. ബാറ്ററികൾ, ചെയ്നുകൾ, ബ്ലേഡ്, സ്‌ക്രൂ തുടങ്ങിയ വസ്തുക്കളാണ് കുട്ടിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്. അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ യുപിയിലെ ഹത്രാസ് സ്വദേശിയായ ആദിത്യ ശർമ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഒക്ടോബർ 28-നായിരുന്നു സംഭവം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ ശാസ്ത്രക്രിയയിലാണ് 65-ഓളം സാധനങ്ങൾ കണ്ടെടുത്തത്. ഈ സാധനങ്ങൾ കുട്ടി മുൻപ് വിഴുങ്ങിയതാകാനാണ് സാധ്യതെന്ന് ആശുപത്രി അധികൃതർ പറയുന്നു. കുടലിലുണ്ടായ അണുബാധമൂലമാണ് കുട്ടി മരിച്ചത്.

ശ്വാസതടസ്സവും അസ്വസ്ഥതയുമുണ്ടായതോടെയാണ് ആഗ്രയിലെ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചതെന്ന് പിതാവ് സഞ്ചേത് ശർമ പറഞ്ഞു. 'ഉടൻ തന്നെ ജയ്പൂരിലെ ഒരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. ടെസ്റ്റുകൾക്ക് ശേഷം ഒക്‌ടോബർ 19-ന് യുപിയിലേക്ക് മടങ്ങി. രണ്ട് ദിവസത്തിന് ശേഷം, ആദിത്യയുടെ ശ്വാസതടസ്സം വീണ്ടും കൂടി. കുട്ടിയെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയി. അലിഗഡിൽ നടത്തിയ സിടി സ്കാനിൽ മൂക്കിലുണ്ടായ തടസ്സം കണ്ടെത്തുകയും ഡോക്ടർമാർ വിജയകരമായി ആ തടസം നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെ ആദിത്യയ്ക്ക് വയറുവേദന തുടങ്ങി. ഒക്ടോബർ 26-ന് അലിഗഡിൽ അൾട്രാസൗണ്ട് പരിശോധന നടത്തി. ഇതിലാണ് 19 വസ്തുക്കൾ വയറിനുള്ളിൽ കുടുങ്ങിയതായി കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ നോയിഡയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തു.

നോയിഡയിൽ ഡോക്ടർമാർ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ വയറ്റില്‍ 42 വസ്തുക്കൾ കണ്ടെത്തി. തുടർന്ന് അടിയന്തര വൈദ്യസഹായത്തിനായി ആദിത്യയെ ഡൽഹിയിലെ സഫ്ദർജംഗ് ഹോസ്പിറ്റലിലേക്ക് മാറ്റി. അവിടെ സ്കാനിംഗിൽ ആകെ 65 വസ്തുക്കളുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതിനിടെ കുട്ടിയുടെ ഹൃദയമിടിപ്പ് മിനിറ്റിൽ 280 ആയി ഉയർന്നു', കുടുംബം പറഞ്ഞു.

ഒക്‌ടോബർ 27-ന് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ സഫ്ദർജംഗ് ഹോസ്പിറ്റലിലെ ഡോക്ടർമാർ നടത്തിയ ശസ്‌ത്രക്രിയയിൽ കുട്ടിയുടെ വയറ്റിൽ നിന്ന് സാധനങ്ങൾ ഒന്നൊന്നായി നീക്കം ചെയ്തുവെന്നും പിതാവ് പറഞ്ഞു. എന്നാൽ ആദിത്യയ്ക്ക് വീണ്ടും വയറുവേദന ഉണ്ടായി. ഉടൻ തന്നെ മൂന്ന് വസ്തുക്കൾ കൂടി നീക്കം ചെയ്തു. അടുത്ത ദിവസം തൻ്റെ മകൻ മരിച്ചുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുടലിൽ അണുബാധ ഉണ്ടായതായി വ്യക്തമായെന്നും സഞ്ചേത് ശർമ പറഞ്ഞു. ഹത്രസിലെ ഒരു ഫാർമ കമ്പനിയിലെ ജീവനക്കാരനാണ് ആദിത്യയുടെ പിതാവ്. ഏക മകനായിരുന്നു ആദിത്യ.

content highlights: 65 objects in stomach kill 14-yr-old boy

dot image
To advertise here,contact us
dot image