കന്യാകുമാരി: എസ് ഐ വേഷത്തിലെത്തി ബ്യൂട്ടി പാര്‍ലറിലെത്തി ഫേഷ്യല്‍ ചെയ്ത് പണം കൊടുക്കാതെ മുങ്ങിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കന്യാകുമാരി നാഗര്‍കോവിലിലാണ് ഫേഷ്യല്‍ ചെയ്ത് പണം നല്‍കാതെ മുങ്ങിയ സ്ത്രീയെ വടശ്ശേരി പൊലീസ് പിടികൂടിയത്. പൊലീസ് അന്വേഷണത്തില്‍ യുവതി പൊലീസുകാരിയല്ലെന്ന് കണ്ടെത്തുകയായിരുന്നു. പിന്നെയാണ് തേനി ജില്ലയിലെ പെരിയകുളം സ്വദേശിനിയായ അബി പ്രഭ(34) ആണ് അറസ്റ്റിലായത്.
ഒക്ടോബര്‍ 28നാണ് എസ്‌ഐ വേഷം ധരിച്ച് ആര്‍ക്കും സംശയം തോന്നാത്ത തരത്തില്‍ അബി പ്രഭ ബ്യൂട്ടി പാര്‍ലറിലെത്തിയത്. പാര്‍വതിപുരം, ചിങ്കാരത്തോപ്പ് സ്വദേശി വെങ്കടേശിന്റെ ബ്യൂട്ടി പാര്‍ലറില്‍ നിന്നാണ് ഫേഷ്യല്‍ ചെയ്തത്. അതിന് ശേഷം പണം ചോദിച്ചപ്പോള്‍ താന്‍ വടശ്ശേരി എസ്‌ഐയാണെന്നും കാശ് പിന്നെത്തരാമെന്നുമായിരുന്നു അബി പ്രഭയുടെ മറുപടി. പണം നല്‍കാതെ പോവുകയും ചെയ്തു.
രണ്ട് ദിവസം കഴിഞ്ഞ് അബി പ്രഭ വീണ്ടും ഫേഷ്യല്‍ ചെയ്യാനെത്തി. സംശയം തോന്നിയ പാര്‍ലര്‍ ഉടമ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ബ്യൂട്ടി പാര്‍ലറിലെത്തി നടത്തിയ അന്വേഷണത്തില്‍ യുവതി പൊലീസുകാരിയല്ലെന്ന് കണ്ടെത്തി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹ മോചനം നേടിയ ശേഷം അഭി പ്രഭ ചെന്നൈയിലേക്ക് ജോലിക്ക് പോവുന്നതിനിടെ ശിവ എന്ന വ്യക്തിയുമായി സൗഹൃദത്തിലായിരുന്നു. ഒരു പൊലീസുകാരിയെ വിവാഹം കഴിക്കാനാണ് തന്റെ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നതെന്ന് ശിവ യുവതിയോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് എസ് ഐ വേഷത്തില്‍ യുവതി എത്തിത്തുടങ്ങിയത്. ശിവയുടെ മാതാപിതാക്കളെ ബോധ്യപ്പെടുത്താന്‍ യുവതി പല സ്ഥലങ്ങളിലും പൊലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെടുകയും ഇതിന്റെ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്ക് അയക്കുകയും ചെയ്തിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വടശേരി പൊലീസ് യുവതിയ്‌ക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്.