ചെന്നൈ: നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകവുമായി (ടിവികെ) സഖ്യത്തിനുള്ള സാധ്യത തള്ളാതെ അണ്ണാ ഡിഎംകെ. വിജയ്‌യെ കാര്യമായി വിമർശിക്കരുതെന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി നേതാക്കന്മാർക്ക് നിർദേശം നൽകിയതായാണ് വിവരം. ഉടൻ സഖ്യമുണ്ടാക്കാൻ സാധിക്കാതെവന്നാലും ഭാവിയിൽ ഇതിനുള്ള സാധ്യതയുണ്ടെന്നാണ് അണ്ണാ ഡിഎംകെ വിലയിരുത്തുന്നത്.
ടിവികെയുടെ ആദ്യ സംസ്ഥാനസമ്മേളനത്തിൽ ഡിഎംകെയെ വിജയ് കടന്നാക്രമിച്ചിരുന്നു. എന്നാൽ അണ്ണാ ഡിഎംകെക്കെതിരെ ഒരു പരാമർശവും നടത്തിയിരുന്നില്ല. മാത്രമല്ല എംജിആറിനെ പുകഴ്ത്തുകയും ചെയ്തിരുന്നു. ഇതോടെ അണ്ണാ ഡിഎംകെ-ടിവികെ സഖ്യസാധ്യത സംബന്ധിച്ച ചർച്ചകളും സജീവമായി. അണ്ണാ ഡിഎംകെയെ വിജയ് വിമർശിക്കാത്തതിന് കാരണം പാർട്ടിയുടെ പ്രവർത്തനം മികച്ചതായതിനാലാണ് എന്നായിരുന്നു പളനിസ്വാമിയുടെ പ്രതികരണം.
ഒക്ടോബർ 27 നായിരുന്നു വിജയ് തന്റെ ആദ്യത്തെ പൊതുസമ്മേളനം നടത്തിയത്. തന്റെ രാഷ്ട്രീയ പാർട്ടിയുടെ നയം പ്രഖ്യാപിച്ച വിജയ് ഡിഎംകെയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ചിരുന്നു. 2026 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു. ടിവികെയ്ക്ക് മുഖ്യമായും രണ്ട് ശത്രുക്കളാണുള്ളതെന്നും അത് അഴിമതിയും അസമത്വവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിക്കെതിരെ ശക്തമായ പോരാട്ടമുണ്ടാകുമെന്നും വിജയ് പറഞ്ഞിരുന്നു.
content highlights: Anna DMK does not rule out the possibility of alliance with Vijay