ബെംഗളൂരു: ഹൈദരാബാദിൽ റിയൽ എസ്റ്റേറ്റ് ഉടമ രമേഷ്കുമാറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. തെലങ്കാനയിലെ ഉപ്പൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. നേരത്തെ പ്രതികളെ കണ്ടെത്തിയതില്‍ പൊലീസ് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. അതിന്‍റെ സന്തോഷം മാറുന്നതിന് മുന്‍പാണ് മുഖ്യപ്രതി ചാടിപോയത്. ചോദിച്ച പണം നൽകാത്തതിന്റെ വൈര്യാഗ്യത്തിലായിരുന്നു രമേശിന്റെ ഭാര്യയായ നിഹാരികയും കാമുകൻ നിഖിലും ചേർന്ന് രമേശിനെ കൊലപ്പെടുത്തിയത്. ഹൈദരാബാദ് സ്വദേശിയായ രമേശ് ഒരു ബിസിനസുകാരനായിരുന്നു. കുടക് ജില്ലയിലെ ഒരു കാപ്പി പ്ലാന്റേഷനിൽ നിന്നായിരുന്നു അന്ന് രമേഷിന്റെ മൃതദേഹം കണ്ടെടുത്തത്.
പൊലീസിൻ്റെ ആശയവിനിമയ ഉപകരണവും കൈക്കാലാക്കിയ ശേഷമാണ് പ്രതി രക്ഷപ്പെട്ടിരിക്കുന്നത് എന്നാണ് വിവരം. 13 പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികളെയും കൊണ്ട് ബെംഗളൂരുവിൽ നിന്നും തെലങ്കാനയിലേക്കു തിരിച്ചത്. ഉഡുപ്പി ഗാർഡൻ ഹോട്ടലിന്റെ മൂന്നാം നിലയിലാണ് പ്രതികൾ ഉൾപ്പെടെ എല്ലാവരും താമസിച്ചിരുന്നത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. പ്രതിയ്ക്കായുളള അന്വേഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്. തെലങ്കാന പൊലീസിൻ്റെ സഹായത്തോടെയാണ് അന്വേഷണം.
നിഹാരിക രണ്ടാമത് വിവാഹം ചെയ്ത ആളായിരുന്നു മരിച്ച രമേഷ്. സാമ്പത്തിക തട്ടിപ്പ് കേസിൽ ജയിലിലായിരുന്ന നിഹാരികയെ, ജയിലിൽ നിന്നിറങ്ങിയ ശേഷമാണ് രമേശ് വിവാഹം കഴിച്ചത്. ഇരുവരും എല്ലാ സൗകര്യങ്ങളുമുള്ള മികച്ച ഒരു ജീവിതമാണ് ജീവിച്ചിരുന്നത്. എന്നാൽ ഇതിനിടെ നിഹാരികയ്ക്ക് നിഖിൽ എന്ന യുവാവുമായി അടുപ്പം ഉണ്ടായി. ശേഷം നിഹാരിക എട്ട് കോടി രൂപ ആവശ്യപ്പെട്ടപ്പോൾ രമേശ് ആ പണം കൊടുത്തില്ല. ഈ പകയിലാണ് നിഹാരിക, നിഖിലിനൊപ്പവും അങ്കുർ എന്ന സുഹൃത്തിനൊപ്പവും രമേശിനെ കൊന്നത്.
ഹൈദരാബാദിലെ ഉപ്പലിൽ വെച്ച്, ശ്വാസംമുട്ടിച്ചാണ് രമേശിനെ നിഹാരികയും കൂട്ടരും കൊന്നത്. ശേഷം മൃതദേഹം 800 കിലോമീറ്ററോളം യാത്ര ചെയ്ത് കുടകിലെ ഒരു കാപ്പി പ്ലാന്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. അവിടെവെച്ച് ഒരു പുതപ്പ് കൊണ്ട് മൂടി, മൃതദേഹം ഇവർ കത്തിച്ചു. ശേഷം ഇരുവരും ഹൈദരാബാദിലെത്തുകയും, നിഹാരിക ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകുകയും ചെയ്തു.
Content Highlights: Accused in the case of murder of real estate owner in Hyderabad has escaped from police custody.