Jan 23, 2025
11:33 AM
ബെംഗളൂരു: ഉയര്‍ന്ന ഫീസ് ഈടാക്കിയിട്ടും അനുയോജ്യമായ വധുവിനെ കണ്ടെത്തി നല്‍കാതിരുന്നതോടെ മാട്രിമോണിയല്‍ സൈറ്റിന് പിഴ ചുമത്തി കോടതി. ബെംഗളൂരു സ്വദേശി വിജയകുമാര്‍ കെ എസ് എന്നയാളാണ് മാട്രിമോണിയല്‍ സൈറ്റിനെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഉപഭോകൃത കോടതിയാണ് പിഴ ചുമത്തിയത്.
വിജയകുമാര്‍ തന്‌റെ മകനായ ബാലാജിക്ക് വേണ്ടിയാണ് ദില്‍മില്‍ എന്ന മാട്രിമോണിയല്‍ സൈറ്റില്‍ പ്രൊഫൈല്‍ ആരംഭിച്ചത്. വധുവിനെ കണ്ടെത്താന്‍ 30,000 രൂപയായിരുന്നു സംഘം ഫീസായി വാങ്ങിയത്. 45 ദിവസത്തിനുള്ളില്‍ യോജിച്ച വധുവിനെ കണ്ടെത്താനാകുമെന്നായിരുന്നു സൈറ്റിന്റെ ഉറപ്പ്. എന്നാല്‍ വാക്കാല്‍ നല്‍കിയ ഉറപ്പ് പാലിക്കാന്‍ സ്ഥാപനത്തിന് സാധിച്ചില്ല. ഇതോടെ മുടക്കിയ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് വിജയകുമാര്‍ മാട്രിമോണിയെ സമീപിച്ചിരുന്നു. പണം തിരിച്ചുനല്‍കില്ലെന്ന് പറഞ്ഞ അധികൃതര്‍ വിജയകുമാറിനേ് നേരെ അസഭ്യ വാക്കുകളും ഉപയോഗിച്ചു. ഇതോടെ ഏപ്രില്‍ 9ന് വിജയകുമാര്‍ സ്ഥാപനത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. എന്നാല്‍ ദില്‍മില്‍ പ്രതികരിച്ചില്ല.
ഇതോടെയാണ് പരാതിക്കാരന്‍ ഉപഭോകൃത കോടതിയെ സമീപിക്കുന്നത്. പരാതി പരിശോധിച്ച കോടതി വാഗ്ദാനം ചെയ്തത് പോലെ സ്ഥാപനം പരാതിക്കാരന് ഒരു പ്രൊഫൈല്‍ പോലും കാണിച്ചുകൊടുത്തിട്ടില്ലെന്ന് വ്യക്തമാക്കി. ഫീസായി വാങ്ങിയ 30,000 രൂപയ്ക്ക് പുറമെ സേവനം നല്‍കാത്തതിന് 20,000 രൂപ, മാനസിക ബുദ്ധിമുട്ടിന് 5000 രൂപ എന്നിവയും കോടതി ചെലവായി 5000 രൂപയും നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്.
Content Highlight: Consumer court fines matrimonial website for not finding perfect partner to customer