കോൺഗ്രസിൻ്റെ സാമ്പത്തിക-മൃദുഹിന്ദുത്വ നിലപാടിനെ എതിർക്കും; സിപിഐഎമ്മിൻ്റെ കരട് രാഷ്ട്രീയ പ്രമേയം

സാമ്പത്തിക നയസമീപനത്തിൽ ബദൽ നിലപാടുകൾ ശക്തമായി ഉയർത്തുക എന്ന സമീപനത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് കരട് രാഷ്ട്രീയ പ്രമേയത്തിൻ്റെ പ്രധാനപ്പെട്ട ഉള്ളടക്കം

dot image

ന്യൂഡൽഹി: സിപിഐഎമ്മിൻ്റെ നയമാറ്റ വാർത്തകൾ നിഷേധിച്ച് നേതാക്കൾ രംഗത്ത് വന്നതിന് പിന്നാലെ സിപിഐഎമ്മിൻ്റെ കരട് രാഷ്ട്രീയ പ്രമേയം ചർച്ചയാകുന്നു. സിപിഐഎമ്മിൻ്റെ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിൻ്റെ കരട് കേന്ദ്രകമ്മിറ്റി അംഗീകരിച്ചു. ഇപ്പോൾ കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിച്ചിരിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം താഴെ തട്ടുമുതൽ ചർച്ച ചെയ്ത് പൊതുജന അഭിപ്രായങ്ങൾ സ്വരൂപിച്ച് വേണ്ട തിരുത്തലുകളും കൂട്ടിച്ചേർക്കലും നടത്തിയാവും കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തോടെ സിപിഐഎം പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയ പ്രമേയമായി അവതരിപ്പിക്കുക.

നിലവിൽ കോൺഗ്രസിനോടുള്ള സമീപനത്തിൽ മാറ്റം വരുണമെന്ന നിർണ്ണായക നിലപാട് സിപിഐഎമ്മിൻ്റെ കരട് രാഷ്ട്രീയ പ്രമേയത്തിൽ ഇടംപിടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കോൺഗ്രസിനോടുള്ള യെച്ചൂരി ലൈനിൻ്റെ മാറ്റം എന്ന നിലയിലാണ് ഇത് വിലയിരുത്തപ്പെടുന്നത്. . ഇന്ത്യ സഖ്യവുമായി ചേർന്ന് പ്രവർത്തിക്കുന്നത് പാർലമെൻറിലും ചില തെരഞ്ഞെടുപ്പുകളിലും മാത്രമായി ഒതുങ്ങണമെന്നാണ് കരടു രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നത്.. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മെച്ചമുണ്ടായെന്നും രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടുന്നതായും റിപ്പോർട്ടുണ്ട്. പ്രത്യയശാസ്ത്ര സമീപനം ശക്തമാക്കി മുന്നോട്ടു പോകുക എന്നതും കരട് രാഷ്ട്രീയ പ്രമേയം ഊന്നൽ നൽകുന്നുണ്ട്. സാമ്പത്തിക നയസമീപനത്തിൽ ബദൽ നിലപാടുകൾ ശക്തമായി ഉയർത്തുക എന്ന സമീപനത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് കരട് രാഷ്ട്രീയ പ്രമേയത്തിൻ്റെ പ്രധാനപ്പെട്ട ഉള്ളടക്കം. നവഉദാരീകരണത്തിൻ്റെ കുത്തക അനുകൂല നിലപാടുകളെ നിരാകരിച്ച് സോഷ്യലിസം മുഖമുദ്രയാക്കി മുന്നേറ്റം നടത്തണമെന്ന് കരട് രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നു. കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങളോടും മൃദു ഹിന്ദുത്വ നിലപാടുകളോടും ശക്തമായി വിയോജിക്കണമെന്നും കരട് രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നു.

ഇന്ത്യ സഖ്യവുമായും കോൺഗ്രസുമായും ലോക്സഭ തിരഞ്ഞെടുപ്പിൽ കൈ കൊടുത്തത് പാർട്ടിയുടെ സ്വന്തം വളർച്ചയ്ക്ക് ഗുണകരമായില്ല എന്നാണ് സിപിഐഎം വിലയിരുത്തൽ. എന്നാൽ ദേശീയ തലത്തിൽ സഖ്യം കോൺഗ്രസിൻ്റെ ശക്തി വർധിപ്പിച്ചു. ഈ സാഹചര്യത്തിൽ കോൺഗ്രസുമായി പൂർണ്ണ സഹകണത്തിലേക്ക് പോകേണ്ടതില്ല എന്നാണ് സിപിഐഎം നിലപാട്. കോൺഗ്രസിൻ്റെ മൃദു ഹിന്ദുത്വ നിലപാടിനെ വിമർശിച്ച് മുന്നോട്ട് പോകണം. കോൺഗ്രസിൻറെ നവലിബറൽ നയങ്ങളോടും വിട്ടുവീഴ്ച പാടില്ല. സിപിഐഎമ്മിൻ്റെ അസ്തിത്വത്തിൽ ഊന്നി പാർട്ടിയുടെ സ്വതന്ത്ര ശക്തി വർദ്ധിപ്പിക്കാനായി പ്രവർത്തനം നടത്തണം. ഹിന്ദുത്വ ശക്തികളുടെ മനുവാദി നയങ്ങളെ തുറന്നു കാട്ടണം. ഇസ്‌ലാമിക മതമൗലിക വാദത്തെ എതിർക്കണമെന്നും കരട് രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നു.

ഇടതു പാർട്ടികളുടെ ഐക്യത്തിന് പ്രാധാന്യം നല്കണം. പാർട്ടി കോണ്ഗ്രസുമായി ബന്ധപ്പെട്ട കേന്ദ്ര കമ്മിറ്റി ചർച്ചകളാണ് കരട് രാഷ്ട്രീയ അവലോകന റിപ്പോർട്ടിൽ ഉള്ളത്. കേരളത്തിൽ സിപിഎമ്മിനും എൽഡിഎഫിനുമുണ്ടായ വോട്ടുചോർച്ചയടക്കം റിപ്പോർട്ടിൽ വ്യക്തമാക്കി പറയുന്നു. ദേശീയ തലത്തിൽ കോൺഗ്രസുമായി സഹകരിച്ചുകൊണ്ടുള്ള ലൈൻ ആയിരുന്നു യെച്ചൂരി ജനറൽ സെക്രട്ടറി ആയിരുന്ന കാലത്ത് സിപിഐഎം സ്വീകരിച്ചത്.
എന്നാൽ നിലവിൽ തുടരുന്ന കോൺഗ്രസ്‌ സഹകരണത്തിൽ നയം മാറ്റമെന്ന മാധ്യമ റിപ്പോർട്ടുകൾ സിപിഐഎം നേതാക്കൾ തള്ളിയിട്ടുണ്ട്.

Content Highlights: CPIM Central Committee approve Draft Political Resolution for the coming Party Congress

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us