ജബല്‍പുര്‍: മധ്യപ്രദേശില്‍ കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ പൊലീസിനെ സഹായിച്ചത് ഈച്ചകള്‍. ജബല്‍പൂരിലാണ് സംഭവം. മനോജ് താക്കൂര്‍ എന്ന 26 കാരന്റെ കൊലപാതകത്തിലാണ് പൊലീസിന് ഈച്ചകള്‍ സഹായകമായത്.
ഒക്ടോബര്‍ 30 നാണ് മനോജ് താക്കൂര്‍ കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം മനോജിന്റെ മൃതദേഹം വീടിന് സമീപമുള്ള വയലില്‍ കണ്ടെത്തുകയായിരുന്നു. സംഭവ ദിവസം രാത്രി ബന്ധു ധരംസിങിനൊപ്പം മനോജ് താക്കൂര്‍ മദ്യപിച്ചിരിക്കുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ധരം സിങിനെ പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ അയാളുടെ സംസാരത്തിലോ പെരുമാറ്റത്തിലോ സംശയിക്കുന്നതായി ഒന്നും ഉണ്ടായിരുന്നില്ല. മൃതദേഹം കണ്ടെത്തിയപ്പോള്‍ മോഷണശ്രമം നടന്നതിന്റെ തെളിവുകളും ഉണ്ടായിരുന്നില്ല. വിശദമായ അന്വേഷണം നടത്താന്‍ തന്നെ പൊലീസ് തീരുമാനിച്ചു. സംശയം ധരം സിങിലേയ്ക്ക് തന്നെ നീണ്ടു. ധരം സിങിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി.
പൊലീസിന്റെ ചോദ്യം ചെയ്യലിലുടനീളം ശാന്തനായാണ് ധരം സിങ് ഇടപെട്ടത്. ഇതിനിടെ ഇയാളെ ഈച്ചകള്‍ വട്ടമിടുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ചോദ്യം ചെയ്യലിനിടെ ഇയാള്‍ തന്നില്‍ നിന്ന് ഈച്ചയെ അകറ്റാന്‍ പാടുപെട്ടു. ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ അഭിഷേക് പയസിക്ക് സംശയം തോന്നി. ഒടുവില്‍ ധനം സിങിന്റെ ഷര്‍ട്ട് അഴിച്ച് പൊലീസിന് കൈമാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഷര്‍ട്ട് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
ഫോറന്‍സിക് പരിശോധനയില്‍ ഷര്‍ട്ടില്‍ നഗ്നനേത്രം കൊണ്ട് കാണാന്‍ കഴിയാത്ത വിധം രക്തം പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ധരം സിങ് കുറ്റം സമ്മതിച്ചു. സംഭവ ദിവസം ഒരുമിച്ച് മദ്യപിച്ചിരുന്നെന്നും മദ്യത്തിന്റെയും ഭക്ഷണത്തിന്റെയും വിഹിതം നല്‍കിയില്ലെന്ന് പറഞ്ഞ് മനോജ് ശകാരിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നും ധരം സിങ് പറഞ്ഞു. ഇതില്‍ സഹികെട്ട് മനോജ് താക്കൂറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും മദ്യലഹരിയിലായിരുന്നു കൊല നടത്തിയതെന്നും ഇയാള്‍ പൊലീസിനോട് വ്യക്തമാക്കി. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
Content Highlights- flies help police to find suspect on a murder case in madhya pradesh