യുപി സര്‍ക്കാരിനും ദേശീയ ബാലാവകാശ കമ്മീഷനും തിരിച്ചടി; മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനാപരമെന്ന് സുപ്രീംകോടതി

അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

dot image

ന്യൂഡൽഹി: യുപി സർക്കാരിനും ദേശീയ ബാലാവകാശ കമ്മിഷനും തിരിച്ചടിയായി സുപ്രീംകോടതി വിധി. മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനാപരമെന്ന് കോടതി വ്യക്തമാക്കി. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു.

നേരത്തെ ദേശീയ ബാലാവകാശ കമ്മീഷന്റെ ഈ ഉത്തരവില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി രംഗത്തുവന്നിരുന്നു. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്നും മറ്റു മതവിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമാണോയെന്നും കോടതി ശക്തമായ ഭാഷയിൽ ചോദിച്ചിരുന്നു.

മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിനാണ് ആശങ്കയെന്നും സന്യാസി മഠങ്ങളില്‍ കുട്ടികളെ അയക്കുന്നതില്‍ നിര്‍ദേശമുണ്ടോയെന്നും കോടതി വിമർശിച്ചിരുന്നു. മദ്രസകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റണം എന്നതടക്കമുള്ള ഉത്തരവുകള്‍ യുപി സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. അങ്ങനെ നിര്‍ബന്ധം പിടിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. നിയമത്തിന്റെ ഉദ്ദേശം പരിശോധിക്കൂവെന്ന് യുപി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച സുപ്രിംകോടതി മദ്രസകള്‍ നിയന്ത്രിക്കുന്നത് ദേശീയ താല്‍പര്യമാണോയെന്നും അന്ന് ചോദിച്ചിരുന്നു.

കുട്ടികളുടെ മദ്രസ മാറ്റത്തിന് ഇടപെടുന്നതിലൂടെ സര്‍ക്കാരിന്റെ നയം വ്യക്തമാകും. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്നതാണ് മതേതരത്വം. സംസ്‌കാരം, മതം തുടങ്ങിയവ ഒന്നാകുന്ന ഇടമാണ് നമ്മുടെ രാജ്യം, ഇത് സംരക്ഷിക്കണമെന്നത് കൂടിയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം.

രാജ്യത്തെ മദ്രസകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഗുരുതരമായ ആശങ്കകള്‍ രേഖപ്പെടുത്തുന്നതായിരുന്നു ദേശീയ ബാലാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്. രാജ്യത്തെ മദ്രസകള്‍ നിര്‍ത്തണമെന്നും മദ്രസകള്‍ക്കും മദ്രസ ബോര്‍ഡുകള്‍ക്കും നല്‍കുന്ന ഫണ്ടിങ്ങുകള്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചിരുന്നു.

മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. മുസ്ലിം വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ മദ്രസകള്‍ പരാജയപ്പെട്ടെന്നും വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് എതിരായാണ് മദ്രസകളുടെ പ്രവര്‍ത്തനമെന്നും കമ്മീഷന്‍ പറയുന്നു. ഇതിനാല്‍ മദ്രസ വിദ്യാഭ്യാസം പിന്തുടരുന്ന വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ ചേര്‍ക്കാനായിരുന്നു നിര്‍ദേശം.

ശേഷം ഈ വിവാദ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നു. കമ്മീഷന്‍ ഉത്തരവ് അനുസരിച്ച് നടപടിയെടുക്കാനൊരുങ്ങിയ ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകളുടെ പ്രവര്‍ത്തികളെയാണ് കോടതി തടഞ്ഞത്. ബാലാവകാശ കമ്മീഷന്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ തുടര്‍നടപടിയെടുക്കരുതെന്നും സുപ്രീം കോടതി സ്റ്റേ പുറപ്പെടുവിക്കുമ്പോൾ പറഞ്ഞിരുന്നു.

Content Highlights: SC upholds madrassa education law, big blow to UP government

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us