മുംബൈ: നവംബർ 20ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച 40 വിമതരെ പാർട്ടിയിൽനിന്ന് പുറത്താക്കി ബിജെപി. പത്രിക പിൻവലിക്കാനുള്ള പാർട്ടി നിർദേശം തള്ളിയവർക്കെതിരെയാണ് ബിജെപി നടപടിയെടുത്തത്.
നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ നവംബർ നാലിനകം വിമതർ പിന്മാറണമെന്ന് പാർട്ടി കർശന നിർദേശം നൽകിയിരുന്നു. വിമതശല്യം രൂക്ഷമായതോടെ എന്ത് ചെയ്യണമെന്ന ആശങ്കയിലും ആശയക്കുഴപ്പത്തിലുമായിരുന്നു പാർട്ടി. പല മണ്ഡലങ്ങളിലും സഖ്യകക്ഷി നേതാക്കൾക്കെതിരെയാണ് ഇവർ മത്സരിക്കുന്നത് എന്നതാണ് പാർട്ടിക്ക് വലിയ തലവേദനയുണ്ടാക്കിയിരുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമായും അമിത് ഷാ നടത്തിയ ചർച്ചയിൽ സഖ്യത്തിനുള്ളിലെ വിമതനീക്കം അവസാനിപ്പിക്കണമെന്ന് കർശനമായ നിർദേശമുണ്ടായിരുന്നു. എന്നാൽ മത്സരത്തിനിറങ്ങിയ നേതാക്കൾ പാർട്ടി നിർദേശത്തിന് വഴങ്ങുന്നില്ല എന്നതായിരുന്നു ഇവർ നേരിട്ട പ്രതിസന്ധി.
നേരത്തെ, തങ്ങളുടെ വിമതസ്ഥാനാർത്ഥികൾക്ക് അവസാന മുന്നറിയിപ്പുമായി മഹാ വികാസ് അഘാടി നേതാക്കളും രംഗത്തെത്തിയിരുന്നു. വിമതർക്ക് ഒരു മണിക്കൂർ സമയം തരുന്നുവെന്നും അതിനുള്ളിൽ പത്രിക പിൻവലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ശരദ് പവാറിന്റെ വസതിയിൽ സഖ്യനേതാക്കൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മുന്നറിയിപ്പ്.
Content Highlights: Maharashtra BJP expells 40 rebels