റാഞ്ചി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. രാഹുലും പ്രിയങ്കയും സമൂഹത്തെ വിഭജിക്കുന്നവരാണെന്ന് ഹിമന്ത റിപ്പോർട്ടറിനോട് പറഞ്ഞത്. ജാർഖണ്ഡിൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു ഹിമന്ത ബിശ്വ ശർമ.
രാഹുലും പ്രിയങ്കയും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരല്ലെന്ന് വയനാട്ടിലെ ജനങ്ങൾ മനസിലാക്കണമെന്നും ഹിമന്ത പറഞ്ഞു. അവർ രണ്ടുപേരും സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരാണ്. ജയിച്ചാലും ജയിച്ചില്ലെങ്കിലും വയനാടിന് വേണ്ടി അവർ ഒന്നും ചെയ്യാൻ പോകുന്നില്ലെന്നും ഹിമന്ത പറഞ്ഞു. ഇങ്ങനെ പോയാൽ കോൺഗ്രസ് ഭാവിയിൽ പൂജ്യത്തിലെത്തുമെന്നും ഹിമന്ത മുന്നറിയിപ്പ് നൽകി.
ജാർഖണ്ഡിൽ ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാർ കടന്നുകൂടിയെന്ന ആരോപണത്തിന് കടുത്ത ഭാഷയിലായിരുന്നു ഹിമന്തയുടെ പ്രതികരണം. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ രാജ്യത്തിന്റെ ശത്രുക്കളാണെന്നും നുഴഞ്ഞുകയറ്റക്കാർക്കെതിരെ സംസാരിക്കേണ്ടത് ബിജെപിയുടെ ഉത്തരവാദിത്വമാണെന്നും ഹിമന്ത പറഞ്ഞു. ബിജെപി വെറുക്കുന്നത് നാടിന്റെ ശത്രുക്കളെ തന്നെയാണ്. നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാൻ കോടതി നിർദേശിച്ചിട്ടും ഹേമന്ത് സോറൻ സർക്കാർ അത് പാലിച്ചില്ല. ജാർഖണ്ഡിൽ മികച്ച ഭൂരിപക്ഷം നേടി ബിജെപി വിജയിക്കുമെന്നും ഹിമന്ത കൂട്ടിച്ചേർത്തു.
Content Highlights: Himantha Biswa Sarma harshly critisizes Rahul and Priyanka Gandhi