കാല്‍മുട്ട് വേദനയ്ക്ക് ശസ്ത്രക്രിയ; മരുന്നായി മഞ്ഞള്‍; ഏഴ് ലക്ഷം തട്ടി മുങ്ങിയ വ്യാജ ഡോക്ടര്‍ക്കെതിരെ കേസ്

ഓണ്‍ലൈന്‍ കൈമാറ്റം സാധിക്കാതിരുന്നതിനാല്‍ പണമായാണ് നല്‍കിയതെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടി

dot image

മുംബൈ: കാല്‍മുട്ട് വേദനയ്ക്ക് ശസ്ത്രക്രിയ നടത്തി പണം തട്ടി മുങ്ങിയ വ്യാജ ഡോക്ടര്‍ക്കെതിരെ കേസ്. മുംബൈ അന്ധേരിയിലാണ് സംഭവം. അന്ധേരി സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. ഇവരുടെ പ്രായമായ അമ്മയുടെ കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തി 7.20 ലക്ഷം തട്ടിയെന്നാണ് പരാതി. യുവതിയുടെ പരാതിയില്‍ വ്യാജ ഡോക്ടര്‍ സഫര്‍ മെര്‍ച്ചന്റ്, സഹായി വിനോദ് ഗോയല്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

മൂന്ന് വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. 2021 ഒക്ടോബര്‍ 22ന് അമ്മ ദന്ത പരിശോധനയ്ക്കായി ക്ലിനിക്കില്‍ പോയപ്പോള്‍ വിനോദ് ഗോയലിനെ പരിചയപ്പെട്ടെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. വിനോദ് ഗോയലിനോട് അമ്മ കാല്‍മുട്ട് വേദനയെക്കുറിച്ച് പറഞ്ഞു. വിനോദ് ഗോയലാണ് സഫറിനെ കുറിച്ച് പറയുന്നത്. സഫര്‍ മികച്ച ഡോക്ടറാണെന്നും തന്റെ അമ്മയുടെ കാല്‍മുട്ടുവേദന മാറിയത് സഫര്‍ ശസ്ത്രക്രിയ നടത്തിയ ശേഷമാണെന്നും വിനോദ് ഗോയല്‍ പറഞ്ഞ് വിശ്വസിപ്പിച്ചു. വിനോദ് ഗോയല്‍ നല്‍കിയ നമ്പറില്‍ അമ്മ വിളിക്കുകയും സഫറുമായി സംസാരിക്കുകയും ചെയ്തു. മേല്‍വിലാസം കുറിച്ചെടുത്ത ശേഷം അയാള്‍ വീട്ടിലെത്തി അമ്മയുടെ കാലിന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ എന്ന വ്യാജേന അമ്മയുടെ കാല്‍മുട്ടില്‍ മുറിവുണ്ടാക്കിയെന്നും മരുന്നാണെന്ന് പറഞ്ഞ് മുറിവില്‍ പുരട്ടിയത് മഞ്ഞളാണെന്നും യുവതി പറയുന്നു. ശസത്രക്രിയ വിജയമെന്ന് പറഞ്ഞ സഫര്‍ 7.20 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ കൈമാറ്റം സാധിക്കാതിരുന്നതിനാല്‍ പണമായാണ് നല്‍കിയതെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടി. അതിന് ശേഷവും അമ്മയുടെ മുട്ടുവേദന മാറിയില്ല. ഇതോടെ സംശയമായി. തുടര്‍ന്ന് ഇതേക്കുറിച്ച് സംസാരിക്കാന്‍ സഫിറിനെ വിളിച്ചു. എന്നാല്‍ ഫോണെടുത്തില്ലെന്നും യുവതി പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

കുടുംബത്തില്‍ രണ്ട് മരണങ്ങള്‍ നടന്നതിനാല്‍ സ്ത്രീകള്‍ മൂന്ന് വര്‍ഷം ഡോക്ടറുടെ പിന്നാലെ പോയിരുന്നില്ല. ഇതിനിടെ ഈ വര്‍ഷം ഓഗസ്റ്റില്‍ പ്രായമായ പൗരന്മാരെ കബളിപ്പിച്ച് പണം തട്ടിയ ഒരാളെക്കുറിച്ചുള്ള പത്രവാര്‍ത്ത കണ്ടതോടെ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെയാണ് ഇവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതിന്റ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

Content Highlights- police take case against fake doctor who performs surgery for woman in mumbai

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us