ചെന്നൈ: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ കുട്ടിക്കുരങ്ങനെ ജീവിതത്തിലേക്ക് മടക്കികൊണ്ടു വന്ന വള്ളെയപ്പന് ഇന്നൊരു സന്തോഷദിനമാണ്. കാരണം എന്താണന്നല്ലേ, പറഞ്ഞു തരാം.
കഴിഞ്ഞ ഡിസംബറിലാണ് മൃഗഡോക്ടറായ വള്ളെയപ്പന് കുട്ടിക്കുരങ്ങനെ ലഭിക്കുന്നത്. പിന്നീട് പത്തുമാസത്തോളം കോയമ്പത്തൂരിലെ തന്റെ ക്ലിനിക്കില്‍ വള്ളെയപ്പന്‍ ആ കുട്ടിക്കുരങ്ങിനെ ശുശ്രൂഷിച്ചു. പൊന്നുപോലെ തന്നെ നോക്കി. എന്നാല്‍ ഒക്ടോബറില്‍ കുട്ടിക്കുരങ്ങിനെ അധികൃതര്‍ ഏറ്റെടുത്തു. കുരങ്ങിന്റെ ആരോഗ്യാവസ്ഥ പരിഗണിക്കാതെയാണ് വള്ളെയപ്പന്റെ ക്ലിനിക്കില്‍ നിന്ന് കുരങ്ങിനെ അധികൃതര്‍ മാറ്റിയത്.
ചെന്നൈ വണ്ടല്ലൂരിലുള്ള അഗ്നിയാര്‍ അണ്ണാ സുവോളജിക്കല്‍ പാര്‍ക്കിലേക്കായിരുന്നു കുരങ്ങിനെ മാറ്റിയത്. കുരങ്ങിനെ കാണാന്‍ വള്ളെയപ്പനെ അധികൃതര്‍ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ വള്ളൈയപ്പന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ച് വള്ളൈയപ്പന് കുരങ്ങിനെ വീണ്ടും കാണാന്‍ കോടതി അനുമതി നല്‍കി.
കുരങ്ങിന്റെ ക്ഷേമം പരിഗണിക്കാതെയാണ് ചെന്നൈയിലേക്ക് മാറ്റിയതെന്ന വള്ളെയപ്പന്റെ ഹര്‍ജി പരിഗണിച്ച കോടതി, ശനിയാഴ്ച കുരങ്ങിനെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വള്ളൈയപ്പന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധം സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും ഹര്‍ജി പരിഗണിക്കവേ കോടതി നിരീക്ഷിച്ചു.
Content Highlights: Today is a happy day for Valleyappan