ന്യൂഡൽഹി: പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. അവസാന പ്രവർത്തി ദിവസമായ വെള്ളിയാഴ്ച വിടവാങ്ങൽ പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഈ കോടതിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. നിങ്ങൾക്ക് ഓരോരുത്തർക്കും ഞാൻ നന്ദി പറയുന്നു. ഞാൻ എപ്പോഴെങ്കിലും കോടതിയിൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ എന്നോട് ക്ഷമിക്കണം”, അദ്ദേഹം തൻ്റെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു.
സാധാരണ ഉച്ചക്ക് രണ്ടുമണിയോടെ കോടതി മുറി കാലിയാകാറുണ്ട്. എന്നാലിന്ന് താൻ വിരമിക്കുന്നതിന് സാക്ഷിയാകാൻ ഒരുപാട് പേർ വന്നിട്ടുണ്ട്. തീർത്ഥാടകരെ പോലെയാണ് ഇവിടെ ഒത്തുകൂടുന്നത്. കുറച്ചു കാലത്തേക്ക് മാത്രമായുള്ള പക്ഷികളെ പോലെ. ജോലി ചെയ്യുക… പോവുക, അദ്ദേഹം പറഞ്ഞു.
രണ്ട് വർഷം ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ശേഷമാണ് ഡോ. ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്നത്. സുപ്രീംകോടതിയുടെ അൻപതാമത് ചീഫ് ജസ്റ്റിസ് ആയിരുന്നു ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡോ. ഡിവൈ ചന്ദ്രചൂഡ്. നവംബർ 10ന് ഞായറാഴ്ചയാണ് ചീഫ് ജസ്റ്റിസ് പദവിയിൽ ഡി വൈ ചന്ദ്രചൂഡിന്റെ അവസാന പ്രവർത്തിദിനം. എന്നാൽ ശനിയാഴ്ചയും ഞായറാഴ്ചയും പൊതു അവധിയായ സാഹചര്യത്തിലാണ് ഡി വൈ ചന്ദ്രചൂഡിന് കോടതി മുറിയിൽ ഇന്ന് അവസാന പ്രവർത്തിദിനമായത്.
ഭരണഘടനാ നിയമം, മനുഷ്യാവകാശ നിയമം, ലിംഗനീതി എന്നിവയിലാണ് ഡോ. ഡി വൈ ചന്ദ്രചൂഡിന്റെ വിധികളിലേറെയും. സ്വകാര്യത മൗലികാവകാശമാണെന്ന വിധി, ശബരിമല സ്ത്രീപ്രവേശനം, പങ്കാളി ഇതര ബന്ധം, സ്വവർഗ്ഗ വിവാഹം, ബാബറി മസ്ജിദ് കേസ്, ഇലക്ടറൽ ബോണ്ട് കേസ് തുടങ്ങിയ നിരവധി പ്രമുഖ വിധിന്യായങ്ങൾ ഡിവൈ ചന്ദ്രചൂഡിന്റേതായുണ്ട്.
Content Highlights: CJI DY Chandrachud in farewell speech