മുംബൈ: വീർ ദാമോദർ സവർക്കർ മഹാരാഷ്ട്രയുടെ അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് വേണ്ടി പ്രചാരണത്തിനെത്തിയപ്പോളായിരുന്നു മോദിയുടെ പരാമർശം. സവർക്കറിന് പുറമെ ശിവസേന സ്ഥാപകൻ ബാൽ താക്കറെയെയും മോദി പുകഴ്ത്തിപ്പറഞ്ഞു.
സവർക്കറും ബാൽ താക്കറെയും മഹാരാഷ്ട്രയുടെ ബിംബങ്ങളാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇരുവരെയും പുകഴ്‌ത്താൻ കോൺഗ്രസിനെ വെല്ലുവിളിക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയെ 'യുവരാജ്' എന്ന് വിളിച്ച് കളിയാക്കിയ മോദി, സഖ്യകക്ഷികൾ സവർക്കറെക്കുറിച്ച് ഒരക്ഷരം പറയരുതെന്ന് രാഹുലിനെ ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്നും കളിയാക്കി. മഹാ വികാസ് അഘാടി നേതാക്കളായ ഉദ്ധവ് താക്കറെയോടും ശരദ് പവാറിനോടും, രാഹുലിനെക്കൊണ്ട് സവർക്കറെ പുകഴ്ത്തിപ്പറയിക്കാൻ മോദി വെല്ലുവിളിക്കുകയും ചെയ്തു.
പ്രസംഗത്തിലുടനീളം കോൺഗ്രസിനെയും മഹാ വികാസ് അഘാടി സഖ്യത്തെയും കണക്കറ്റ് വിമർശിക്കുകയാണ് മോദി ചെയ്തത്. വികസന വിരോധികളായ മഹാവികാസ് അഘാഡിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തണമെന്ന് മോദി പറഞ്ഞു. 370-ാം അനുച്ഛേദം പുനഃസ്ഥാപിച്ച് അംബേദ്കറുടെ ഭരണഘടനാ ലക്ഷ്യങ്ങൾ വീണ്ടും തകർക്കാനാണ് കോൺഗ്രസ് സഖ്യം ശ്രമിക്കുന്നത്. അത് താൻ അനുവദിക്കില്ല. കള്ളക്കഥകൾ പറഞ്ഞാണ് കർണാടകത്തിലും തെലങ്കാനയിലും ഹിമാചൽപ്രദേശിലും അധികാരത്തിൽ എത്തിയതെന്നും അതോടെ പറഞ്ഞ വാഗ്ദാനങ്ങളെല്ലാം കോൺഗ്രസ് മറന്നുവെന്നും പ്രധാനമന്ത്രി വിമർശിച്ചു. മറ്റ് പാർട്ടികളുടെ സഹായമില്ലാതെ എവിടെയും വിജയിക്കാൻ കോൺഗ്രസിന് പറ്റുന്നില്ലെന്നും അതുകൊണ്ടുതന്നെ എസ്-സി, എസ് ടി, ഒബിസി വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
Content Highlights: Modi Praises savarkar, challenges Rahul Gandhi to praise him