ശ്രീനഗർ: ജമ്മുവിലെ കിഷ്ത്വറിൽ ഗ്രാമ പ്രതിരോധസേന അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. നസീർ അഹമ്മദ്, കുൽദീപ് കുമാർ എന്നിവരെയാണ് ഭീകരർ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയത്.
ഭീകരപ്രവർത്തനങ്ങൾ തടയാൻ സൈന്യവും പൊലീസും രൂപീകരിച്ചതാണ് വില്ലേജ് ഡിഫൻസ് ഗാർഡുകളെ. ഇവർക്ക് ഭീകരരെ നേരിടാനുള്ള പരിശീലനവും ആയുധവും നൽകിയിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷം ഇരുവരുടെയും മൃതദേഹത്തിന്റെ ചിത്രങ്ങൾ ഭീകരർ പുറത്തുവിട്ടിരുന്നു. കന്നുകാലികളെ മേയ്ക്കുന്നതിനിടെയായിരുന്നു ഭീകരർ ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. കശ്‌മീർ ടൈഗേഴ്‌സ് എന്ന ഭീകരസംഘടന ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
കൊലപാതകത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അപലപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിനെ അനുശോചനം അറിയിച്ച അബ്ദുള്ള കൊലപാതകത്തെ ഭീരുത്വം എന്നാണ് വിശേഷിപ്പിച്ചത്. ജമ്മു കശ്മീർ ലെഫ് ഗവർണർ മനോജ് സിൻഹയും ആക്രമണത്തെ അപലപിച്ചു.
Content Highlights: Village Defence Guards killed by terrorists at jammu