'നീതി നടപ്പാക്കേണ്ടത് ബുൾഡോസർ രാജിലൂടെയല്ല,പൗരൻ്റെ സ്വത്ത് തകർക്കുന്നത് അപകടം';അവസാന വിധിന്യായത്തിൽ ചന്ദ്രചൂഡ്

സ്വത്ത് തകര്‍ക്കുമെന്ന ഭീഷണിയിലൂടെ പൗരന്റെ ശബ്ദം ഇല്ലാതാക്കാനാവില്ലെന്നും അവസാന വിധിന്യായത്തിൽ ഡി വൈ ചന്ദ്രചൂഡ്

dot image

ന്യൂഡല്‍ഹി: അവസാനത്തെ വിധി ന്യായങ്ങളിലൊന്നില്‍ ബുള്‍ഡോസര്‍ രാജിനെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. നീതി നടപ്പാക്കേണ്ടത് ബുള്‍ഡോസര്‍ രാജിലൂടെയല്ലെന്ന് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. നിയമവാഴ്ചയുള്ള സമൂഹത്തിന് അപരിചിതമാണ് ബുള്‍ഡോസറിലൂടെയുള്ള നീതിയെന്ന് ഉത്തര്‍പ്രദേശിലെ ഒരു വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകർത്തതുമായി ബന്ധപ്പെട്ട കേസിലെ വിധിന്യായത്തില്‍ അദ്ദേഹം വ്യക്തമാക്കി.

'നിയമത്തിന് കീഴില്‍ ബുള്‍ഡോസര്‍ നീതി അസ്വീകാര്യമാണ്. ഇത് അനുവദിച്ച് കൊടുത്താല്‍ ആര്‍ട്ടിക്കിള്‍ 300 എയ്ക്ക് കീഴിലുള്ള സ്വത്തവകാശത്തിനുള്ള ഭരണഘടനാപരമായ അവകാശം വെറും മരിച്ച കത്തായി മാറും', അദ്ദേഹം വ്യക്തമാക്കി.

നവംബര്‍ ആറിനാണ് ചന്ദ്രചൂഡും ജസ്റ്റിസ് ജെ ബി പര്‍ദിവാലയും ജസ്റ്റിസ് മനോജ് മിശ്രയും അടങ്ങുന്ന ബെഞ്ച് വിധി പുറപ്പെടുവിച്ചത്. യാതൊരു നടപടികളും പാലിക്കാതെയാണ് വീട് പൊളിച്ചതെന്നും ഹര്‍ജിക്കാരന് സര്‍ക്കാര്‍ ഇടക്കാല നഷ്ടപരിഹാരമെന്ന നിലയില്‍ 25 ലക്ഷം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം ആരംഭിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് അപ്ലോഡ് ചെയ്ത വിധിന്യായത്തില്‍ ശക്തമായ നിരീക്ഷണങ്ങളും ചന്ദ്രചൂഡ് രേഖപ്പെടുത്തിയിട്ടുണ്ട്.

'ബുള്‍ഡോസറിലൂടെയുള്ള നീതി പരിഷ്‌കൃത സമൂഹത്തിന് അജ്ഞാതമാണ്. നിയമവിരുദ്ധമായ പെരുമാറ്റം സംസ്ഥാനത്തെ ഏതെങ്കിലും വിഭാഗമോ ഉദ്യോഗസ്ഥരോ അനുവദിക്കുന്നത് അപകടമാണ്. ബാഹ്യ കാരണങ്ങളാല്‍ പൗരന്റെ സ്വത്ത് തിരഞ്ഞുപിടിച്ച് തകര്‍ക്കുന്നത് അപകടകരമാണ്. സ്വത്ത് തകര്‍ക്കുമെന്ന ഭീഷണിയിലൂടെ പൗരന്റെ ശബ്ദം ഇല്ലാതാക്കാനാവില്ല. വീട് ആണ് മനുഷ്യന്റെ ഏറ്റവും സുരക്ഷിതമായ ഇടം', വിധിന്യായത്തില്‍ പറയുന്നു.
റോഡ് വീതി കൂട്ടുന്നതിനായി കയ്യേറ്റങ്ങള്‍ നീക്കുന്നതിന് മുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങളും വിധിയില്‍ സൂചിപ്പിക്കുന്നുണ്ട്.

Content Highlights: Final Judgment Of CJI DY Chandrachud about Buldozer raj

dot image
To advertise here,contact us
dot image