'ജാർഖണ്ഡിനെക്കുറിച്ച് ആശങ്കപ്പെടുന്നവർ മണിപ്പൂരിനെക്കുറിച്ച് മിണ്ടുന്നില്ല;' ബിജെപിയെ വിമർശിച്ച് കൽപ്പന സോറൻ

തിരഞ്ഞെടുപ്പ് വന്നപ്പോഴാണ് ബിജെപി പെണ്‍കുട്ടികളെ പറ്റി ചിന്തിക്കുന്നതെന്ന് കല്‍പ്പന സോറന്‍ റിപ്പോർട്ടറിനോട് പറഞ്ഞു

dot image

റാഞ്ചി: ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിമര്‍ശനങ്ങളും മറുപടിയുമായി ബിജെപിയും ജെഎംഎംഎമ്മും. ജാര്‍ഖണ്ഡിലെ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന വിമര്‍ശനത്തിന് മറുപടിയുമായി ജെഎംഎം നേതാവ് കല്‍പ്പന സോറന്‍ എംഎല്‍എ രംഗത്തെത്തിയിരിക്കുകയാണ്. ജാര്‍ഖണ്ഡിനെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ മണിപ്പൂരിനെക്കുറിച്ച് എന്തുകൊണ്ട് മിണ്ടുന്നില്ലെന്ന് കല്‍പ്പന സോറന്‍ വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് വന്നപ്പോഴാണ് ബിജെപി പെണ്‍കുട്ടികളെ പറ്റി ചിന്തിക്കുന്നതെന്നും കല്‍പ്പന സോറന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

JMM leader Kalppana Soren
കൽപ്പന സോറൻ

'ജാര്‍ഖണ്ഡിനെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ മണിപ്പൂരിനെ കുറിച്ച് മിണ്ടാത്തത് എന്തുകൊണ്ടാണ്. തിരഞ്ഞെടുപ്പ് വന്നപ്പോഴാണ് ബിജെപി പെണ്‍കുട്ടികളെ പറ്റി ചിന്തിക്കുന്നത്. മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ലേ, അവിടെ ഭരണത്തില്‍ ബിജെപി ആയിരുന്നില്ലേ? ജാര്‍ഖണ്ഡില്‍ എല്ലാവരെയും ഒരുമിച്ച് ചേര്‍ത്തുള്ള വികസനമാണ് ലക്ഷ്യം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ജെഎംഎം വോട്ട് തേടുന്നത്', കല്‍പ്പന പറഞ്ഞു.

ജാര്‍ഖണ്ഡുകാരുടെ ഭക്ഷണവും പെണ്‍കുട്ടികളെയും നുഴഞ്ഞുകയറ്റക്കാര്‍ തട്ടിയെടുക്കുന്നുവെന്നാണ് ബിജെപിയുടെ പ്രധാന വിമര്‍ശനം. ഇതിനെതിരെയാണ് കല്‍പ്പന സോറന്‍ രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയുടേത് ഇരട്ടത്താപ്പ് നയമെന്നും കല്‍പ്പന പറഞ്ഞു. ഗാണ്ഡേ സീറ്റില്‍ നിന്ന് തന്നെയാണ് കല്‍പ്പന സോറന്‍ ഇത്തവണ മത്സരത്തിനിറങ്ങുന്നത്.

നേരത്തെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബാബുലാല്‍ മറാന്‍ഡി റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് കൊള്ളയടിച്ചുവെന്നും ജാര്‍ഖണ്ഡിന്റെ കല്‍ക്കരിയും മണ്ണും കല്ലും വരെ ഹേമന്ത് മോഷ്ടിച്ചുവെന്നുമാണ് ബാബുലാല്‍ മറാന്‍ഡി ആരോപിച്ചത്. ജനങ്ങള്‍ക്കായി ഒരു പദ്ധതിയും കൊണ്ടുവന്നില്ല. ആദിവാസി ജനനസംഖ്യ കുറയുന്നത് അശങ്കാജനകമാണ്. എത്രയും വേഗം ജെഎംഎം സര്‍ക്കാരിനെ പുറത്താക്കാനാണ് ജനം ആഗ്രഹിക്കുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ബാബുലാല്‍ മറാന്‍ഡി പറഞ്ഞു.

82 അംഗ ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 13നും 20നുമാണ് വോട്ടെടുപ്പ്. നവംബര്‍ 23നാണ് വോട്ടെണ്ണല്‍. മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ബാര്‍ഹെത് സീറ്റിലാണ് മത്സരിക്കുന്നത്.

Content Highlights: JMM leader Kalpana Soren against BJP in Jharkhand

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us