ബെംഗളൂരു: കർഷകരുടെ ഭൂമി തരം മാറ്റുകയും വഖഫ് നിയമപ്രകാരം ഒഴിപ്പിക്കൽ നോട്ടീസ് നൽകുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ കർണാടക സർക്കാർ . സർക്കാർ ഇത് സംബന്ധിച്ച നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വഴിയാണ് ജില്ലാ റവന്യു ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദ്ദേശം കൈമാറിയത്.
കർണാടകയിലെ വിവിധ ജില്ലകളിൽ കർഷകരുടെ ഭൂമിയിൽ വഖഫ് ബോർഡ് അവകാശതർക്കമുന്നയിച്ച വിഷയം വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ വിഷയത്തിൽ ഇടപെട്ടത്. റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദർ കുമാർ കടാരിയയെ നേരിട്ട് വിളിച്ചു വരുത്തിയായിരുന്നു സിദ്ധാരാമയ്യ നടപടിക്ക് നിർദേശം നൽകിയത്. റവന്യു വകുപ്പ് പുറപ്പെടുവിച്ച എല്ലാ നോട്ടീസുകളും റദ്ദാക്കാൻ സർക്കാർ ഉത്തരവിട്ടിട്ടും പ്രശ്നം കെട്ടടങ്ങാതായതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിഎടുക്കാൻ സർക്കാർ നീക്കം.
വിജയപുര, കൽബുർഗി, ഹുബ്ബള്ളി എന്നീ ജില്ലകളിൽ നിരവധി ഇടങ്ങളിൽ കർഷകരുടെ ഭൂമിയിൽ വഖഫ് ബോർഡ് ഉടമസ്ഥാവകാശം സ്ഥാപിച്ചതായി ചൂണ്ടിക്കാട്ടി റവന്യു വകുപ്പ് കർഷകർക്ക് നോട്ടീസ് അയച്ചിരുന്നു. വിഷയം ബിജെപി സംയുക്ത പാർലമെന്ററി സമിതി മുൻപാകെ എത്തിക്കുകയും സമിതി അധ്യക്ഷൻ കർണാടകയിൽ എത്തി നേരിട്ട് കർഷകരിൽ നിന്ന് തെളിവ് ശേഖരിക്കുകയും ചെയ്തിരുന്നു. വഖഫ് ബോർഡിൻ്റെ നടപടിയിൽ ബുദ്ധിമുട്ട് നേരിടുന്ന കർഷകരുമായി വഖഫ് (ഭേദഗതി) ബിൽ 2024 സംബന്ധിച്ച സംയുക്ത പാർലമെൻ്ററി കമ്മിറ്റി അധ്യക്ഷ ജഗദാംബിക പാൽ നവംബർ 7നായിരുന്നു കൂടിക്കാഴ്ച നടത്തിയത്.. കർണാടകയിലെ ഹുബ്ബള്ളിയിലും വിജയപുരയിലുമായിരുന്നു കൂടിക്കാഴ്ച.
തങ്ങളുടെ ഭൂമി തർക്കങ്ങൾ വഖഫ് ബോർഡുമായി ചർച്ച ചെയ്യാൻ വിജയപുര ജില്ലയിലെ കർഷകരെ സാക്ഷികളായി ക്ഷണിക്കണമെന്ന് ബിജെപി എംപി തേജസ്വി സൂര്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജഗദാംബിക പാൽ കർഷകരുമായി കൂടിക്കാഴ്ച നടത്തിയത്. തങ്ങളുടെ ഭൂമി വഖഫ് സ്വത്തായി അടയാളപ്പെടുത്തിയെന്ന് വിജയപുര ജില്ലയിലെ ഒരു വിഭാഗം കർഷകർ നേരത്തെ പരാതിപ്പെട്ടിരുന്നു. കർഷകരുടെ കൈവശമുള്ള ഭൂമികൾ ഒഴിപ്പിക്കില്ലെന്നും അവർക്ക് നൽകിയ നോട്ടീസ് പിൻവലിക്കുമെന്ന് നേരത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കിയിരുന്നു.
Content Highlight: Karnataka govt warns action against officials issuing eviction noticeunder Waqf Act to farmers' land