സ്ത്രീകള്‍ക്ക് പ്രതിമാസം 3,000 രൂപ, ജാതി സെന്‍സസ്; മഹാരാഷ്ട്രയില്‍ പ്രകടന പത്രിക പുറത്തിറക്കി മഹാവികാസ് അഘാഡി

മഹാവികാസ് അഘാഡി അധികാരത്തിലെത്തിയാല്‍ മഹാരാഷ്ട്രയില്‍ ജാതി സെന്‍സസ് നടത്തുമെന്നാണ് പ്രധാന പ്രഖ്യാപനം

dot image

മുംബൈ: മഹാരാഷ്ട്രയില്‍ പ്രകടന പത്രിക പുറത്തിറക്കി പ്രതിപക്ഷ കൂട്ടായ്മയായ മഹാവികാസ് അഘാഡി. സ്ത്രീകളേയും കര്‍ഷകരേയും ലക്ഷ്യംവെച്ചുള്ള പ്രഖ്യാപനങ്ങളാണ് മഹാവികാസ് അഘാഡിയുടെ പ്രകടന പത്രികയിലുള്ളത്. മഹാലക്ഷ്മി പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് പ്രതിമാസം 3,000 രൂപ വീതം നല്‍കുമെന്നുള്ളതാണ് ഒരു പ്രഖ്യാപനം. മഹാവികാസ് അഘാഡി അധികാരത്തിലത്തിയാല്‍ സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യ യാത്ര ഒരുക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

മുംബൈയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് നേതാവും എംപിയുമായ സുപ്രിയ സുലേ, ശിവ സേനാ നേതാവ് സഞ്ജയ് റൗത്ത് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. അഞ്ച് വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് മഹാവികാസ് അഘാഡിയുടെ പ്രകടന പത്രിക. കാര്‍ഷിക മേഖല, ഗ്രാമീണ വികസനം, നഗരവികസനം, ആരോഗ്യം, സ്ത്രീകളുടെ ഉന്നമനം ഉള്‍പ്പെടെ ഇതില്‍പ്പെടുന്നു. സ്ത്രീകളുടെ ക്ഷേമം ലക്ഷ്യംവെയ്ക്കുന്നതാണ് പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളില്‍ അധികവും. പ്രതിമാസം 3000, ബസിലെ സൗജന്യയാത്ര എന്നിവയ്ക്ക് പുറമേ 500 രൂപ നിരക്കില്‍ ഗ്യാസ് സിലിണ്ടര്‍ ലഭ്യമാക്കുമെന്നും മഹാവികാസ് അഘാഡി വാഗ്ദാനം ചെയ്യുന്നു.

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ നിയമം നടപ്പിലാക്കും. 9 മുതല്‍ പതിനാറ് വയസുവരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് സെല്‍വിക്കല്‍ കാന്‍സറിന് സൗജന്യ വാക്‌സിന്‍ ലഭ്യക്കും. ഇതിന് പുറമേ പെണ്‍കുട്ടികള്‍ക്ക് മാസത്തില്‍ രണ്ട് ദിവസം ആര്‍ത്തവ അവധി അനുവദിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. കാര്‍ഷിക വായ്പകള്‍ കൃത്യമായി തിരിച്ചടക്കുന്ന കര്‍ഷകര്‍ക്ക് 50,000 രൂപ ഇളവ് നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. എല്ലാ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്, സൗജന്യ മരുന്ന് എന്നിവ ഉറപ്പാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

മഹാവികാസ് അഘാഡി അധികാരത്തിലെത്തിയാല്‍ മഹാരാഷ്ട്രയില്‍ ജാതി സെന്‍സസ് നടത്തുമെന്നാണ് മറ്റൊരു പ്രഖ്യാപനം. നിലവിലെ അന്‍പത് ശതമാനം ജാതി സംവരണം ഉയര്‍ത്തും. തമിഴ്‌നാടിന് സമാനമായാണ് ജാതി സംവരണം ഉയര്‍ത്തുക. ജാതി സെന്‍സസ് ആളുകളെ വിഭജിക്കാനല്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഓരോ സമുദായവും ഇപ്പോള്‍ ഏത് അവസ്ഥയിലാണ് ഉള്ളതെന്ന് മനസിലാക്കി കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാണ് ജാതി സെന്‍സസ് എന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.

Content Highlights- Maharashtra opposition manifesto promises rupees 3,000 to women

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us