ക്യാമ്പസ് ഗേറ്റുകളിൽ കാവി പൂശണം, അതും ഏഷ്യന്‍ പെയിൻ്റ്സ് ഉപയോഗിച്ച്; വിചിത്ര ഉത്തരവുമായി രാജസ്ഥാൻ സർക്കാർ

വിദ്യാര്‍ത്ഥികള്‍ക്ക് സുഗമമായ പഠനാന്തരീക്ഷം ഉറപ്പുവരുത്താന്‍ വേണ്ടിയാണ് കാവി നിറം നല്‍കുന്നതെന്നാണ് സർക്കാരിൻ്റെ വിശദീകരണം

dot image

ജയ്പൂര്‍: രാജസ്ഥാനില്‍ സര്‍ക്കാര്‍ കോളേജുകളുടെ ഗെയിറ്റിന് കാവി നിറം നല്‍കാന്‍ ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ക്ക് സുഗമമായ പഠനാന്തരീക്ഷം ഉറപ്പുവരുത്താന്‍ വേണ്ടിയാണ് കാവി നിറം നല്‍കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ പത്ത് ഡിവിഷനുകളിലെ 20 കോളേജുകളില്‍ പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കായകല്‍പ് പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുക. പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ശുചിത്വം, അണുബാധ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ദേശീയ പദ്ധതിയാണ് കായകല്‍പ്.

ക്യാമ്പസിനകത്ത് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് ഉണര്‍വും പഠിക്കാനുള്ള ഉന്മേഷവും തോന്നുന്നതിന് ഉതകുന്ന അന്തരീക്ഷമായിരിക്കണം ഉണ്ടാകേണ്ടത്. സമൂഹത്തിന് ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് നല്ല സന്ദേശം നല്‍കുന്നതുമായിരിക്കണം ക്യാമ്പസുകള്‍. അതിനാല്‍ ശുചിത്വവും ഉണര്‍വും ആരോഗ്യവുമേകുന്ന അന്തരീക്ഷമായി ക്യാമ്പസുകളെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്, സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവില്‍ പരാമര്‍ശിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏഴ് ദിവസമാണ് ഇരുപത് ഗേറ്റുകള്‍ പെയിൻ്റടിച്ച് തീര്‍ക്കാന്‍ നല്‍കിയിരിക്കുന്ന സമയം. ഏഷ്യന്‍ പെയിന്റ്‌സ് ഉപയോഗിച്ച് വേണം ഗേറ്റുകള്‍ക്ക് ഓറഞ്ച് ബ്രൗണ്‍, വാറ്റ് ഗോള്‍ഡ് നിറങ്ങള്‍ നല്‍കാന്‍. പെയിന്റ് അടിച്ച ശേഷം ഗേറ്റുകളുടെ ഫോട്ടോ വിദ്യാഭ്യാസ വകുപ്പിന് അയക്കാനും നിര്‍ദ്ദേശമുണ്ട്.

അതേസമയം വിദ്യാഭ്യാസ രംഗത്തെ കാവിവത്ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ മിക്ക സര്‍ക്കാര്‍ കോളേജുകളിലും ആവശ്യമായ അധ്യാപകരോ, ക്ലാസ്മുറികളോ ബെഞ്ചുകളോ ഇല്ലാതിരിക്കെ സര്‍ക്കാര്‍ ജനങ്ങളുടെ പണം രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ദേശീയ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് പറഞ്ഞു.

Content Highlight: Rajasthan govt orders govtcolleges to paint their gates in orange

dot image
To advertise here,contact us
dot image